രാജസ്ഥാനിൽ ബാർമെർ, ചുരു, നാഗോർ, ദൗസ, ടോങ്ക്, കരൗളി സീറ്റുകളാണ് പ്രശ്നബാധിതമായി ബിജെപി വിലയിരുത്തുന്നത്. നാഗോറിൽ ആർഎൽപിയുടെ ഹനുമാൻ ബെനിവാളും ചുരുവിൽ അടുത്തിടെ ബിജെപി വിട്ട രാഹുൽ കസ്വാനുമാണ് ഇന്ത്യ കൂട്ടായ്മയുടെ സ്ഥാനാർഥികൾ. ഇരുവരും ജാട്ട് വിഭാഗം നേതാക്കളാണ്. സൈന്യത്തെ കരാർവൽക്കരിച്ച അഗ്നിപഥ് പദ്ധതിയും കർഷകസമരവും ഗുസ്തിതാരങ്ങളുടെ പ്രതിഷേധവും ബിജെപിക്ക് പ്രതികൂലഘടകങ്ങളാണ്.
ഹരിയാനയിൽ റോത്തക്, സൊണിപ്പത്ത്, സിർസ, ഹിസാർ, കർണാൽ മണ്ഡലങ്ങളാണ് ബിജെപിക്ക് വെല്ലുവിളിയാകുന്നത്. ഹരിയാനയിൽ മുതിർന്ന നേതാവായ ബീരേന്ദർ സിങ്ങും മകൻ ബിജേന്ദർ സിങ്ങും അടുത്തിടെ ബിജെപി വിട്ടിരുന്നു. ബീരേന്ദർ സിങ് ജാട്ട് വിഭാഗത്തിൽനിന്നുള്ള പ്രബലനേതാവാണ്. കോൺഗ്രസിൽനിന്ന് കൂറുമാറിയെത്തിയ മുൻ പിസിസി പ്രസിഡന്റ് അശോക് തൻവർ, മുൻ എംപി നവീൻ ജിൻഡാൽ എന്നിവർക്ക് ബിജെപി സീറ്റ് നൽകിയതും പ്രശ്നങ്ങൾക്ക് കാരണമായിട്ടുണ്ട്. ബിജെപിക്കാർ ഇരുവരെയും നേതാക്കളായി അംഗീകരിച്ചിട്ടില്ല.
ബിജെപിക്ക് കടുത്ത മത്സരം
ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഇക്കുറി കടുത്ത മത്സരം അഭിമുഖീകരിക്കേണ്ടിവരുമെന്ന് ദ ഹിന്ദു ജിഎസ്ഡിഎസ്–-ലോക്നീതി പ്രീപോൾ സർവേ. എൻഡിഎ സർക്കാരിന്റെ പ്രവർത്തനങ്ങളിൽ തൃപ്തിയുള്ളവരുടെ ശതമാനത്തിൽ കാര്യമായ ഇടിവുണ്ടായി. രൂക്ഷമായ വിലക്കയറ്റവും തൊഴിലില്ലായ്മയും ദാരിദ്ര്യവും തെരഞ്ഞെടുപ്പിൽ മുഖ്യചർച്ചാവിഷയങ്ങളാണ്–- സർവേ ചൂണ്ടിക്കാട്ടി. എൻഡിഎ സർക്കാരിനെതിരെ ശക്തമായ ജനരോഷം അടിത്തട്ടിലുണ്ടെന്ന് സർവേ റിപ്പോർട്ട് ശരിവയ്ക്കുന്നു.ജനരോഷം ആയുധമാക്കാൻ പ്രമുഖ പ്രതിപക്ഷപാർടിയായ കോൺഗ്രസിന് കഴിയാത്തതാണ് എൻഡിഎയ്ക്കും ബിജെപിക്കും സഹായമാകുന്നത്. മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ കോൺഗ്രസിന്റെ ദൗർബല്യമാണ് ബിജെപിക്ക് പ്രതീക്ഷ നൽകുന്നത്.