ന്യൂഡൽഹി : ഇലക്ടറൽ ബോണ്ട് നിലവിലിരുന്ന ഏഴുകൊല്ലം കൊണ്ട് രാഷ്ട്രിയ പാർട്ടികളുടെ അക്കൗണ്ടിലെത്തിയത് ശതകോടികൾ. ഏറ്റവും അവസാനത്തെ കണക്കനുസരിച്ച് 16,518.11 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകളാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇതുവരെ വിറ്റഴിച്ചത്. അതിൽ 2017-2023 നും ഇടയിൽ വിറ്റ 12,008 കോടിയുടെ ഇലക്ടറൽ ബോണ്ടുകളിൽ 55 ശതമാനവും ബിജെപിക്കാണ് ലഭിച്ചത്.
6,564 കോടി രൂപയാണ് ബിജെപിക്ക് മാത്രം ലഭിച്ചത്. 2022-23 വർഷത്തിൽ ബിജെപിയുടെ മൊത്തം വരുമാനത്തിൻ്റെ 54 ശതമാനവും ഇലക്ടറൽ ബോണ്ടുകളിൽ നിന്നായിരുന്നുവെന്ന് ദ ഹിന്ദു അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. അതായത് 2,120.06 കോടി രൂപ. 2018 നും 2023 നും ഇടയിലുള്ള ആറ് വർഷത്തെ കാലയളവിൽ, ബിജെപിയുടെ മൊത്തം സംഭാവനയുടെ 52 ശതമാനത്തിലധികം വന്നത് ഇലക്ടറൽ ബോണ്ടുകളിൽ നിന്നാണെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് പറയുന്നു.
അഞ്ച് വർഷത്തിനിടെ വിറ്റ ബോണ്ടുകളിൽ നിന്ന് 1,135 കോടി രൂപ മാത്രമാണ് കോൺഗ്രസ് അക്കൗണ്ടിലെത്തിയത്. അതായത് ആകെ തുകയുടെ 9.5% മാത്രം.ഇതേ കാലയളവിൽ തൃണമൂൽ കോൺഗ്രസിന് ലഭിച്ചതാകട്ടെ 1,096 കോടി രൂപയുടെ ഇലക്ട്രൽ ബോണ്ടുകളാണ്. 2022-23ൽ 171 കോടി രൂപയാണ് ഇലക്ടറൽ ബോണ്ടുകളിൽ നിന്ന് കോൺഗ്രസ് നേടിയത്. പ്രാദേശിക പാർട്ടികളും ഇലക്ടറൽ ബോണ്ടുകൾ വഴി വലിയ തുക കൈപ്പറ്റിയിട്ടുണ്ടെന്ന് കണക്കുകൾ പറയുന്നു. 2022-23 ൽ ഏറ്റവും കൂടുതൽ ഫണ്ട് സ്വീകരിച്ചത് ഭാരത് രാഷ്ട്ര സമിതിയാണ്.529 കോടി രൂപയാണ് ആ പാർട്ടി സ്വീകരിച്ചത്.
329 കോടി സ്വീകരിച്ച ടിഎംസിയാണ് രണ്ടാം സ്ഥാനത്ത്, 152 കോടിയുമായി ബിജെഡിയും 52 കോടിയുമായി വൈഎസ്ആർ കോൺഗ്രസുമാണ് തുടർസ്ഥാനങ്ങളിൽ. 2021-22ൽ ടിഎംസിക്ക് -528 കോടി, ഡിഎംകെ- 306 , ബിജെഡി- 291, വൈഎസ്ആർ 60 എന്നിങ്ങനെയാണ് കണക്കുകൾ. 2017-ൽ നരേന്ദ്ര മോദി സർക്കാർ അവതരിപ്പിച്ച ഇലക്ടറൽ ബോണ്ട് പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്നും വിവരാവകാശത്തിൻ്റെയും ആർട്ടിക്കിൾ 19(1)(എ)യുടെയും ലംഘനമാണെന്നുമാണ് സുപ്രീം കോടതി വിധിയെഴുതിയത്.ഇലക്ട്രൽ ബോണ്ടിലെ സുതാര്യതയില്ലായ്മ ചൂണ്ടിക്കാട്ടി 2017 ലാണ് ഹർജി സമർപ്പിച്ചത്.