ന്യൂഡൽഹി : ലോട്ടറി ഭീമൻ സാന്റിയാഗോ മാർട്ടിന്റെ ഫ്യൂച്ചർ ഗെയിമിങ് കമ്പനിയിൽനിന്ന് ഇലക്ടറൽ ബോണ്ടുകളിലൂടെ ബിജെപിക്കും കോടികൾ ലഭിച്ചതായി സ്ഥിരീകരണം. 2021 ഒക്ടോബർ അഞ്ച്, 2022 ജനുവരി അഞ്ച് എന്നീ ദിവസങ്ങളിലായി മാത്രം നൂറു കോടി രൂപ മാർട്ടിനിൽനിന്ന് ബിജെപിക്ക് ലഭിച്ചു. ബിജെപി തെരഞ്ഞെടുപ്പ് കമീഷന് കൈമാറിയ വിവരങ്ങളും എസ്ബിഐ പുറത്തുവിട്ട വിശദാംശങ്ങളും താരതമ്യം ചെയ്യുമ്പോഴാണ് മാർട്ടിന്റെ നൂറുകോടി സംഭാവന വ്യക്തമാകുന്നത്.
2021 ഡിസംബർ 23ന് സിക്കിം ലോട്ടറി കുംഭകോണവുമായി ബന്ധപ്പെട്ട് മാർട്ടിന്റെ 20 കോടിയോളം രൂപയുടെ സ്വത്തുക്കൾ ഇഡി പിടിച്ചെടുത്തു. ഇതിന് പിന്നാലെയാണ് 2022 ജനുവരി അഞ്ചിന് 50 കോടി രൂപ ഇലക്ടറൽ ബോണ്ട് രൂപത്തിൽ മാർട്ടിൻ ബിജെപിക്ക് കൈമാറിയത്. ചെന്നൈ കേന്ദ്രീകരിച്ചുള്ള ഒരു കമ്പനിയിൽനിന്ന് 2021 ഒക്ടോബർ അഞ്ചിനും 2022 ജനുവരിയിലും അമ്പതു കോടി വീതം ഇലക്ടറൽ ബോണ്ടുകളിലൂടെ ലഭിച്ചെന്ന് ബിജെപി തെരഞ്ഞെടുപ്പ് കമീഷനെ അറിയിച്ചിരുന്നു. ഈ രണ്ട് ഘട്ടത്തിലും അമ്പത് കോടിയോ അതിലേറെയോ രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയിട്ടുള്ള ഏക കമ്പനി മാർട്ടിന്റെ ഫ്യൂച്ചർ ഗെയിമിങ്ങാണ്. മോദി സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ 2015 ജൂണിൽ മാർട്ടിന്റെ മകൻ ചാൾസ് ജോസ് മാർട്ടിൻ ബിജെപിയിൽ ചേർന്നിരുന്നു.