ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിലെ മാപ്പു സാക്ഷി പി ശരത് ചന്ദ്ര റെഡ്ഢിയുടെ കമ്പനി ബിജെപിക്ക് ഇലക്ട്രൽ ബോണ്ട് നൽകിയത് 34.5 കോടി രൂപ. ഇപ്പോൾ അരവിന്ദ് കെജ്രിവാൾ കുടുങ്ങിയ കേസിൽ ബിആർഎസ് നേതാവ് കെ കവിതയ്ക്കൊപ്പം പ്രതിയായിരുന്നു അരബിന്ദോ ഫാർമ ലിമിറ്റഡ് ഉടമ പി ശരത് ചന്ദ്ര റെഡ്ഢി. പിന്നീട് കേസിൽ ശരത് ചന്ദ്ര റെഡ്ഡി മാപ്പുസാക്ഷിയായി. മാപ്പുസാക്ഷിയാകും മുൻപേയാണ് ബിജെപിക്ക് ഇലക്ട്രൽ ബോണ്ട് വഴി ശരത് ചന്ദ്ര കോടികൾ കൈമാറിയത്.
ശരത് ചന്ദ്ര റെഡ്ഢിയുടെ കമ്പനി ബിജെപിക്ക് ആകെ നൽകിയത് 34. 5 കോടി രൂപ. ഇതിൽ 5 കോടി രൂപയുടെ ബോണ്ട് മദ്യനയക്കേസിൽ 2022 നവംബർ 10 ന് ശരത് ചന്ദ്ര റെഡ്ഢിയെ അറസ്റ്റ് ചെയ്ത് അഞ്ചുദിവസത്തിനുള്ളിലാണ് കമ്പനി വാങ്ങിയത്. നവംബർ 21ന് ബിജെപി അത് പണമാക്കി. ഇതിനുപിന്നാലെ ശരത് ചന്ദ്ര റെഡ്ഢിയെ അന്വേഷണ സംഘം മാപ്പുസാക്ഷിയാക്കുകയും ചെയ്തു. കമ്പനി 52 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ ആകെ വാങ്ങിയതിൽ 34.5 കോടിയും ബിജെപിക്കാണ്. തെരഞ്ഞെടുപ്പ് കമീഷൻ പുറത്ത് വിട്ട ബോണ്ട് വിവരങ്ങളിലാണ് ഇതുള്ളത്. ഭാരത് രാഷ്ട്ര സമിതിക്ക് 15 കോടി രൂപയും തെലുങ്ക് ദേശം പാർടിക്ക് 2.5 കോടി രൂപയും കമ്പനി സംഭാവന നൽകി.