2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവുമധികം പ്രതീക്ഷവച്ചു പുലര്‍ത്തിയിരുന്നത് ദക്ഷിണേന്ത്യയിലാണ്. ഈ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തിങ്കളാഴ്ചയോടെ പൂര്‍ത്തിയായി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് ലഭിക്കാവുന്ന സീറ്റുകള്‍ പരമാവധി ലഭിച്ചുകഴിഞ്ഞ സ്ഥിതിക്ക് ദക്ഷിണേന്ത്യയില്‍ നിന്ന് ലഭിക്കാവുന്ന സീറ്റുകളില്‍ ബിജെപി വലിയ ശ്രദ്ധ പതിപ്പിച്ചിരുന്നു. ആന്ധ്ര, തെലങ്കാന,കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നും സീറ്റുകള്‍ കൂടുതല്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി മുന്നോട്ട് പോയിരുന്നത്.
എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ അത്രക്ക് പ്രതീക്ഷ വേണ്ടെന്നാണ് ബിജെപി നേതൃത്വത്തിന് കിട്ടിയിരിക്കുന്ന വിവരം. കര്‍ണ്ണാടകം, തെലങ്കാന എന്നിവിടങ്ങളില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം ലഭിക്കുമെന്നും തമിഴ്നാട്ടില്‍ ഇന്ത്യാ മുന്നണി മുഴുവന്‍ സീറ്റുകളും തൂത്തുവാരുമെന്നും കേരളത്തില്‍ നിന്നും പ്രതീക്ഷിച്ച രണ്ടു സീറ്റില്‍ ഒന്നും ലഭിക്കാന്‍ സാധ്യയില്ലന്ന റിപ്പോര്‍ട്ടും ബിജെപി നേതൃത്വത്തെ അസ്വസ്ഥമാക്കുന്നുണ്ട്. ആന്ധ്രാപ്രദേശ്, തെലങ്കാന, കേരളം, കര്‍ണാടകം, തമിഴ്നാട് സംസ്ഥാനങ്ങളിലെയും ലക്ഷദ്വീപ്, പുതുച്ചേരി സ്ഥലങ്ങളിലെയുമായി 131 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് പൂര്‍ത്തിയായത്. ഈ 131 സീറ്റുകളില്‍ ഏതാണ്ട് പകുതി സീറ്റെങ്കിലും തങ്ങള്‍ക്ക് പിടിക്കാന്‍ കഴിയുമെന്നും അതുവഴി കേന്ദ്ര ഭരണം നിലനിര്‍ത്താന്‍ കഴിയുമെന്നും ബിജെപി പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ വോട്ടിംഗ് ശതമാനം പ്രതീക്ഷിച്ച പോലെ ഉയരാത്തതും തെലങ്കാന, കര്‍ണ്ണാടക , തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ തിരിച്ചടിയുണ്ടാകുമെന്ന റിപ്പോര്‍ട്ടും ബിജെപി നേതൃത്വത്തെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്.
ഇതിനോടകം 19 സംസ്ഥാനങ്ങളിലെയും നാലു കേന്ദ്രഭരണ പ്രദേശങ്ങളിലെയും തെരഞ്ഞെടുപ്പാണ് പൂര്‍ത്തിയായത്. ഇതുവരെ വോട്ടിങ് നടക്കാത്ത ഹരിയാന, ഹിമാചല്‍പ്രദേശ്, പഞ്ചാബ്, ഡല്‍ഹി സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പാണ് വരുംഘട്ടങ്ങളില്‍ പ്രധാനമായുമുള്ളത്. എന്നാല്‍ ഇവിടങ്ങളില്‍ സീറ്റുകളുടെ എണ്ണം താരതമ്യേന കുറവാണ്. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് അടുത്തഘട്ടത്തോടെ പൂര്‍ത്തിയാകും. കഴിഞ്ഞ മൂന്ന് ഘട്ടത്തിലുമുണ്ടായ പോളിംഗ് ശതമാനത്തിലെ ഇടിവ് നാലാംഘട്ടത്തില്‍ അത്രക്കുണ്ടായില്ലന്നതാണ് ബിജെപിക്ക് അല്‍പ്പം ആശ്വാസം നല്‍കുന്നത്. 96 ലോക്സഭാ മണ്ഡലങ്ങളിലേക്ക് തിങ്കളാഴ്ച നടന്ന നാലാംഘട്ടവോട്ടെടുപ്പില് 67.71 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് ഘട്ടങ്ങളിലെ പോളിങ് ശതമാനത്തിലുണ്ടായ ഇടിവ് വെച്ച് താരതമ്യം ചെയ്യുമ്പോള്‍ നാലാംഘട്ടത്തില്‍ വിടവ് കുറഞ്ഞിട്ടുണ്ട്. 2019-ല്‍ ഈ സീറ്റുകളിലേക്ക് നടന്ന വോട്ടെടുപ്പില്‍ 68.8 ശതമാനമായിരുന്നു പോളിങ്. ഒരു ശതമാനത്തോളം വോട്ടിന്റെ കുറവേ ഇത്തവണ ഉണ്ടായിട്ടുള്ളുവെന്നത് ബിജെപിക്ക് അല്‍പ്പം ആശ്വാസം പകരുന്നുണ്ട്.മൊത്തം ഉള്ള 543 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 379 സീറ്റുകളിലെ വോട്ടെടുപ്പ് കഴിഞ്ഞു. എന്ന് വച്ചാല്‍ ഏതാണ്ട് 70 ശതമാനം സീറ്റുകളിലേക്കുമുള്ള തെരഞ്ഞെടുപ്പും കഴിഞ്ഞു. അപ്പോഴും ആര്‍ക്കും ഉറപ്പ് പറയാന്‍ പറ്റാത്ത അവസ്ഥ തന്നെയാണ് സംജാതമായിരിക്കുന്നത്.
യു.പി., ബംഗാള്‍, ബിഹാര്‍ സംസ്ഥാനങ്ങളില്‍ ഇനിയും പകുതിയോളം സീറ്റുകളില്‍ വോട്ടെടുപ്പ് നടക്കാനുണ്ട്. പ്രധാനമന്ത്രി മല്‍സരിക്കുന്ന വാരണാസിയിലുള്പ്പെടെ അവസാനഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. യുപി, ബീഹാര്‍ എന്നിവടങ്ങളിലെ സീറ്റുകളിലാണ് ഇനി ബിജെപിക്ക് പ്രതീക്ഷയുള്ളത്. തെരഞ്ഞെടുപ്പ് ഏഴുഘട്ടമായി വച്ചത് തന്നെയാണ് പ്രധാനമന്ത്രിക്ക് തന്റെ മണ്ഡലമായ വാരണാസിയില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാനാണെന്ന ആരോപണം ആദ്യം മുതല്ക്കെയുണ്ടായിരുന്നു. വാരണാസിയില്‍ ശ്രദ്ധ കൊടുക്കുമ്പോള്‍ അതിന്റെ പ്രതിഫലനം യുപിയിലും ബിഹാറിലുമടക്കമുള്ള ഹിന്ദി ബെല്റ്റിലുണ്ടാകും. മൂന്നാം തവണയും വാരണാസിയില്‍ നിന്നും മല്‍സരിക്കാന്‍ പ്രധാനമന്ത്രി പത്രിക നല്‍കിക്കഴിഞ്ഞു. കൃത്യമായി ഹിന്ദുത്വം ഉപയോഗിക്കാനും അതുവഴി നേട്ടമുണ്ടാക്കാനും കഴിയുന്ന രണ്ട് സംസ്ഥാനങ്ങളാണ് യുപിയും ബിഹാറും. ദക്ഷിണേന്ത്യ തങ്ങളുടെ പിടിയില്‍ നില്‍ക്കില്ലന്ന് മനസിലായപ്പോള്‍ തന്നെ മോദി ഹിന്ദുത്വം പൊടിതട്ടിയെടുത്തിരുന്നു. ഇനി വരും ദിവസങ്ങളില്‍ യുപി, ബംഗാള്‍, ബീഹാര്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ ഹിന്ദുത്വയുടെ ആറാട്ടായിരിക്കും അരങ്ങേറുക.