തിരുവനന്തപുരം: സി.എ.എ വിരുദ്ധ സമരങ്ങൾക്കെതിരായ കേസുകൾ പിൻവലിച്ചതിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് ബി.ജെ.പി. സി.എ.എ കേസുകൾ പിൻവലിക്കാനുള്ള സർക്കുലർ തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ആരോപിച്ചാണ് പരാതി നൽകിയിരിക്കുന്നത്. സർക്കുലർ ഒരു വിഭാഗം ജനങ്ങളെ സ്വാധീനിക്കാനുള്ളതാണെന്ന് ബി.ജെ.പി തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.വി രാജേഷ് ആരോപിച്ചു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന ദിവസം സർക്കുലർ പുറപ്പെടുവിച്ചത് ഗുരുതര ചട്ടലംഘനമാണെന്ന് വി.വി രാജേഷ് പറഞ്ഞു. രാജീവ് ചന്ദ്രശേഖരൻ പൊഴിയൂർ സന്ദർശിച്ചപ്പോൾ ലഭിച്ച പരാതി പരിഹരിക്കുക മാത്രമാണ് ചെയ്തത്. ഇതിനെതിരെയാണ് എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരിക്കുന്നത്. പരാതി ദിവസങ്ങൾക്കകം പരിഹരിച്ചത് ആണോ അദ്ദേഹം ചെയ്ത കുറ്റമെന്നും രാജേഷ് ചോദിച്ചു.
മാർച്ച് 18നാണ് പൗരത്വ നിയമ ഭേദഗതി പ്രക്ഷോഭത്തിനെതിരായ കേസുകൾ പിൻവലിച്ച് സർക്കാർ ഉത്തരവിറങ്ങിയത്. ഗുരുതരസ്വഭാവമുള്ളത് ഒഴിച്ചുള്ള കേസുകൾ പിൻവലിക്കാൻ അനുമതി നൽകിയാണ് സംസ്ഥാന സർക്കാരിന്റെ ഉത്തരവ് പുറത്തിറങ്ങിയ്. സി.എ.എ സമരങ്ങളുമായി ബന്ധപ്പെട്ട് 835 കേസുകളാണ് സംസ്ഥാനത്തൊട്ടാകെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസുകൾ പിൻവലിക്കാത്തത് പ്രതിപക്ഷം ആയുധമാക്കിയിരുന്നു.