ന്യൂഡൽഹി : ഡൽഹിയിലെ സ്ത്രീകൾക്ക് 2500 രൂപ നൽകുമെന്ന വാഗ്ദാനം ആദ്യമന്ത്രിസഭ യോഗത്തിൽ പാസാക്കാതെ ബിജെപി. പകരം ആയുഷ്മാൻ ഭാരത് പദ്ധതിക്ക് അംഗീകാരം നൽകുകയും 14 സിഐജി റിപ്പോർട്ടുകൾ ആദ്യ നിയമസഭാ സമ്മേളനത്തിൽ മേശപ്പുറത്ത് വെക്കാനും മന്ത്രിസഭ തീരുമാനിച്ചു. സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു.
ഡൽഹിയിൽ നിന്നും ആംആദ്മി പാർട്ടിയെ താഴെ ഇറക്കാൻ ബിജെപിയുടെ ആദ്യ വാഗ്ദാനമായിരുന്നു സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ നൽകുമെന്നത്. അധികാരത്തിലേറിയ ആദ്യ മന്ത്രിസഭയിൽ തന്നെ ഇത് പാസാക്കും എന്നായിരുന്നു ബിജെപിയുടെ അവകാശവാദം . തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷവും ഇതേ നിലപാടിലായിരുന്നു ബിജെപി. എന്നാൽ, ആദ്യമന്ത്രി സഭയോഗത്തിൽ ഇത് പരിഗണിച്ചു പോലുമില്ല.
ഇതോടെ ബിജെപിയുടെ വിശ്വസ്തയെ ചോദ്യം ചെയ്ത് ആം ആദ്മി പാർട്ടി രംഗത്തെത്തി. ആദ്യ ദിവസം തന്നെ ബിജെപി അവരുടെ വാഗ്ദാനങ്ങൾ ലംഘിക്കാൻ തുടങ്ങിയെന്നും ഡൽഹിയിലെ ജനങ്ങളെ വഞ്ചിക്കാൻ ബിജെപി തീരുമാനിച്ചുവെന്നും മുൻ മുഖ്യമന്ത്രി അതിഷി ആരോപിച്ചു. അഞ്ച് ലക്ഷം രൂപ മേൽപരിധി നിശ്ചയിച്ചാണ് ആയുഷ്മാൻ ഭാരതിന് അംഗീകാരം നൽകിയത്. 14 സിഎജി റിപ്പോർട്ടുകൾ ആം ആദ്മിയുടെ അഴിമതി തുറന്നു കാട്ടുന്നതാണെന്ന് ബിജെപി നേരത്തെ ആരോപിച്ചിരുന്നു.
മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്കാണ് പ്രധാന വകുപ്പുകൾ നൽകിയിട്ടുള്ളത്. ധനം, റവന്യു, പൊതുഭരണം, വിജിലൻസ്, ലാൻഡ് ആൻഡ് ബിൽഡിങ്, വനിത-ശിശു വികസനം എന്നീ വകുപ്പുകളുടെ ചുമതലയും മുഖ്യമന്ത്രിക്കാണ്. ഉപമുഖ്യമന്ത്രി പർവേശ് വർമയ്ക്ക് ജല വകുപ്പ് ലഭിച്ചു. ഇതിനൊപ്പം ജലസേചനം, പ്രളയ നിയന്ത്രണ വകുപ്പും പർവേശ് വർമയ്ക്കാണ്. യമുനാനദി ശുചീകരണമുൾപ്പെടെയുള്ള ചുമതലകൾ ഇതിൽ ഉൾപ്പെടും. കപിൽ മിശ്രയാണ് നിയമ മന്ത്രി.