കേരളത്തിൽ നിന്നുള്ള ആദ്യ ബിജെപി എം പി യും കേന്ദ്ര മന്ത്രിയുമായ സുരേഷ്ഗോപിയോട് കേന്ദ്ര ബിജെപി നേതൃത്വത്തിനു കടുത്ത അസംതൃപ്തി. മന്ത്രി എന്ന നിലയിലും, കേരളത്തിൽ ബിജെപിയുടെ അടിത്തറ ശക്തിപ്പെടുത്തുന്ന കാര്യത്തിലും സുരേഷ് ഗോപി ഒന്നും ചെയ്യുന്നില്ലന്ന് മാത്രമല്ല മന്ത്രി സ്ഥാനത്തെക്കാൾ വലുതാണ് സിനിമാ അഭിനയം എന്ന് പരസ്യമായി പ്രഖ്യാപിച്ചു കേരളത്തിലെ പാർടിയെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളി വിടുകയും ചെയ്തുവെന്ന് കേന്ദ്ര നേതൃത്വം കരുതുന്നു. കേരളത്തിലെ ബിജെപിയുടെ രാഷ്ട്രീയ അടിത്തറയും ജനകീയ ബന്ധങ്ങളും വിപുലമാക്കുന്നതിനാണ് സുരേഷ് ഗോപിക്ക് കേന്ദ്രമന്ത്രി സ്ഥാനം നൽകിയത്. ടൂറിസം, പെട്രോളിയം, തുടങ്ങി വളരെ പ്രധാനപ്പെട്ട വകുപ്പുകളുടെ സഹമന്ത്രി സ്ഥാനമാണ് അദ്ദേഹത്തിന് നൽകിയിട്ടുള്ളതും. നരേന്ദ്ര മോദിയും അമിത് ഷായും എപ്പോഴും പെർഫോമൻസിനാണ് വില കൊടുക്കുന്നത്. സുരേഷ് ഗോപി ആകട്ടെ ഇക്കാര്യത്തിൽ വളരെ താഴെയുമാണ്.
തനിക്ക് വലുത് സിനിമയാണെന്നും മന്ത്രി സ്ഥാനമൊക്കെ അതിനു വേണ്ടി പുല്ല് പോലെ വലിച്ചെറിയുമെന്നുമുള്ള സുരേഷ് ഗോപിയുടെ പ്രഖ്യാപനം ബിജെപി കേന്ദ്ര നേതൃത്വത്തെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചത്. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ആകട്ടെ സുരേഷ് ഗോപിയെ നിയന്ത്രിച്ചില്ലെങ്കിൽ ബിജെപിക്ക് സംസ്ഥാനത്ത് വലിയ രാഷ്ട്രീയ തിരിച്ചടി ഉണ്ടാകുമെന്ന് കേന്ദ്ര നേതൃത്വത്തിനു മുന്നറിയിപ്പ് നൽകുകയും ചെയ്തു. അപ്പോഴാണ് സിപിഎം എം എൽ എ കൂടിയായ മുകേഷിനെതിരെ സിനിമാ രംഗത്ത് പ്രവർത്തിച്ചിരുന്ന സ്ത്രീകൾ ലൈംഗിക പീഡനആരോപണങ്ങളുമായി രംഗത്തു വരുന്നത്. മുകേഷ് എം എൽ എ സ്ഥാനം രാജീവക്കണമെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നുമുള്ള കർശന നിലപാടാണ് സംസ്ഥാന ബിജെപി നേതൃത്വം കൈക്കൊണ്ടത്. എന്നാൽ സുരേഷ് ഗോപിയാകട്ടെ തന്റെ ചിരകാല സുഹൃത്ത് മുകേഷിനെ പൂർണമായും സംരക്ഷിക്കുന്ന നിലപാടാണ് കൈക്കൊണ്ടത്. ഇതു ബിജെപി അണികളിൽ തന്നെ വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചു. അവസാനം സുരേഷ് ഗോപി പറയുന്നതല്ല താൻ പറയുന്നതാണ് കേരളത്തിലെ പാർട്ടി നയം എന്ന് കെ സുരേന്ദ്രന് പരസ്യമായി പറയേണ്ടി വന്നു. അതോടൊപ്പം കേന്ദ്ര നേതൃത്വത്തിനും ഇക്കാര്യത്തിൽ കടുത്ത നീരസമുണ്ടായി.
ഏതാണ്ട് ഇരുപത്തിരണ്ടോളം സിനിമകൾ ആണ് സുരേഷ് ഗോപിക്കായി നിർമാണത്തിനൊരുങ്ങുന്നത്. ഇതിൽ ഒറ്റക്കൊമ്പൻ എന്ന സിനിമ അഭിനയിക്കാൻ മാത്രമാണ് കേന്ദ്ര ബിജെപി നേതൃത്വം സുരേഷ് ഗോപിക്ക് അനുമതി നൽകിയിരിക്കുന്നത്. ബാക്കി സമയങ്ങളിൽ തന്റെ വകുപ്പിലെ കാര്യങ്ങളിൽ ശ്രദ്ധിക്കണമെന്നാണ് പ്രധാനമന്ത്രി നേരിട്ട് സുരേഷ് ഗോപിക്ക് നൽകിയിരിക്കുന്ന നിർദേശം. സംസ്ഥാന ബിജെപി നേതൃത്വത്തിന്റെ നിലപാടുകൾക്ക് അനുസൃതമായി വേണം ഇവിടെ നിന്നുള്ള കേന്ദ്ര മന്ത്രിയും നിലപാട് കൈക്കൊള്ളൂവാനെന്നു സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവേഡ്കറും സുരേഷ് ഗോപിയോട് പറഞ്ഞിരുന്നു.
സിനിമാ അഭിനയവും, മന്ത്രിപ്പണിയും രണ്ടുംകൂടി നടക്കില്ലന്ന കൃത്യമായ സൂചന തന്നെയാണ് കേന്ദ്ര ബിജെപി നേതൃത്വം സുരേഷ് ഗോപിക്ക് നൽകിയിരിക്കുന്നുത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം അദ്ദേഹം പരസ്യമായി മാധ്യമങ്ങളോടും മറ്റും പ്രകടിപ്പിക്കുന്ന കടുത്ത അസംതൃപ്തിയുടെ കാരണം ഇതാണെന്നാണ് ബിജെപി നേതാക്കൾ തന്നെ പറയുന്നത്