ന്യൂഡൽഹി : മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് സർക്കാരും സംസ്ഥാന ബിജെപിയും തമ്മിലുള്ള പോരു മുറുകുന്നതിനിടെ, ദേശീയ നേതൃത്വം യോഗിക്കു പൂർണ പിന്തുണ നൽകിയേക്കുമെന്നു റിപ്പോർട്ട്. സർക്കാരിൽ നിലവിൽ മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്നാണു സൂചന. എല്ലാ അഭിപ്രായവ്യത്യാസങ്ങളും മറികടന്ന്, വരുന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയത്തിനായി കൈമെയ് മറന്ന് പ്രവർത്തിക്കണമെന്നാണ് പ്രമുഖ നേതാക്കൾക്ക് കിട്ടിയ നിർദേശം.
ഇത്ര വലിയ പ്രതിസന്ധി ഉയർന്നതിനാൽ അവ പരിഹരിക്കുമെന്ന് ഉറപ്പാണെന്നും എന്നാൽ ഉപതെരഞ്ഞെടുപ്പുകൾക്കുശേഷമേ അതുണ്ടാകുകയുള്ളൂ എന്നുമാണു നേതൃത്വം നൽകിയിരിക്കുന്ന സൂചന. 10 സീറ്റുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ്. തീയതി ഉടൻ പ്രഖ്യാപിക്കും. എല്ലാ സീറ്റുകളും വിജയിക്കുക എന്നതുതന്നെയാണ് മാനദണ്ഡം. ഒരു സീറ്റ് കൈവിട്ടാലും പാർട്ടിയെ വലിയ രീതിയിൽ ബാധിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടിയാണ് ഉത്തർപ്രദേശിലെ ബിജെപിക്കുള്ളിലെ ഭിന്നതയ്ക്കു കാരണം. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പാർട്ടി ദേശീയ പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ ജെ.പി.നഡ്ഡയെ കണ്ടു. പരാജയത്തിനു കാരണം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രവർത്തന ശൈലിയാണെന്ന ആരോപണവുമായി ഒരു വിഭാഗം രംഗത്തെത്തിയിരുന്നു.