ന്യൂഡൽഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ലീഡു നിലയിൽ കേവല ഭൂരിപക്ഷം മറികടന്നതോടെ ചടുലനീക്കങ്ങളുമായി ബിജെപി. ജനറൽ സെക്രട്ടറിമാരുടെ അടിയന്തരയോഗം ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദ വിളിച്ചു.നിലവിലെ ലീഡ് നിലയോടുകൂടി മുന്നോട്ട് പോവുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ സർക്കാർ രൂപീകരണ ചർച്ചകളുമായി മുന്നോട്ട് പോവുകയാണ് കേന്ദ്ര നേതൃത്വം. കോൺഗ്രസിനെ മലർത്തിയടിച്ച് ബിജെപി മുന്നേറ്റം തുടരുകയാണ്.
ആകെയുള്ള 90 സീറ്റിലെ ഫല സൂചനകൾ പുറത്തുവന്നപ്പോൾ ബിജെപി 46 സീറ്റിലും കോൺഗ്രസ് 37 സീറ്റിലും മറ്റുള്ളവർ ഏഴ് സീറ്റിലും മുന്നേറുകയാണ്. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് ആഘോഷ പരിപാടികൾ തുടങ്ങാനുള്ള ഒരുക്കത്തിലാണ് പ്രവർത്തകർ.ഏഴു സീറ്റുകളിൽ ബിജെപിക്ക് 1000 വോട്ടിൽ താഴെയാണ് ലീഡ്. പലയിടത്തും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. അതിനാൽ തന്നെ ലീഡ് നില ഇനിയും മാറി മറിയാനും സാധ്യതയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.