ന്യൂഡൽഹി; അരുണാചല്‍ പ്രദേശ്, സിക്കിം നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും എസ്കെഎമ്മും തുടർഭരണം ഉറപ്പിച്ചു. അരുണാചൽപ്രദേശിൽ 60 അംഗ സഭയിൽ കേവല ഭൂരിപക്ഷത്തിനു 31 സീറ്റുകൾ മതിയെന്നിരിക്കെ 43 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുകയാണ്. ഇതില്‍ 10 സീറ്റുകളിൽ നേരത്തെ ബിജെപി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്‍പിപി 8 സീറ്റുകളിലും മറ്റുള്ളവര്‍ 7 സീറ്റുകളിലും ലീഡ് ചെയ്യുന്നു. സിക്കിമില്‍ സിക്കിം ക്രാന്തികാരി മോര്‍ച്ചയാണ് മുന്നേറുന്നത്. 32 സീറ്റുകളിൽ 31 ലും ലീഡ്. കേവല ഭൂരിപക്ഷത്തിന് 17 സീറ്റുകളാണ് വേണ്ടത്. സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് 1 സീറ്റിൽ ലീഡ് ചെയ്യുന്നു.
അരുണാചല്‍ പ്രദേശില്‍ ബിജെപി തുടര്‍ഭരണം ഉറപ്പിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി പേമ ഖണ്ഡു, ഉപമുഖ്യമന്ത്രി ചൗന മേന്‍ എന്നിവരടക്കമുള്ളവർ എതിരില്ലാതെ നേരത്തെ തന്നെ വിജയിച്ചിരുന്നു. 2019ല്‍ അരുണാചലില്‍ ബിജെപി 41 സീറ്റുമായാണ് അധികാരത്തിലെത്തിയത്. കോണ്‍ഗ്രസ് നാലും ജെഡിയു ഏഴും എന്‍പിപി അഞ്ചും സീറ്റുകളിലാണ് വിജയിച്ചത്. സിക്കിമില്‍ ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോര്‍ച്ചയും (എസ്കെഎം) സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടും (എസ്ഡിഎഫ്) തമ്മിലാണ് മത്സരം നടന്നത്.
നിലവിലെ മുഖ്യമന്ത്രി പ്രേം സിങ് തമാങ് (എസ്കെഎം), മുന്‍ മുഖ്യമന്ത്രി പവന് കുമാര്‍ ചാംലിങ് (എസ്ഡിഎഫ്), മുന്‍ ഫുട്ബോള്‍ താരം ബൈചുങ് ബൂട്ടിയ (എസ്ഡിഎഫ്) തുടങ്ങിയവരാണ് സംസ്ഥാനത്തെ പ്രമുഖ സ്ഥാനാർഥികള്‍. 2019ലെ തിരഞ്ഞെടുപ്പില്‍ 17 സീറ്റുമായി എസ്കെഎം അധികാരം പിടിക്കുകയായിരുന്നു. എസ്ഡിഎഫിന് 15 സീറ്റാണ് നേടാനായത്. സിക്കിം, അരുണാചല്‍ പ്രദേശ് നിയമസഭകളുടെ കാലാവധി ജൂണ്‍ രണ്ടിന് അവസാനിക്കും. ഇതിന്റെ പശ്ചാത്തലത്തിലാണ് വോട്ടെണ്ണല്‍ നേരത്തെയാക്കിയത്.