കര്‍ണ്ണാടകത്തില്‍ മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ പാര്‍ട്ടി ബിജെപിക്കൊപ്പം പോയപ്പോള്‍ ശരിക്കും വെട്ടിലായത് പാര്‍ട്ടിയുടെ കേരളത്തിലെ നേതാക്കളാണ്. ദേവഗൗഡ പ്രസിഡന്റായ ജനതാദള്‍ സെക്കുലറിന് കേരളത്തില്‍ രണ്ട് എംഎല്‍എമാരുണ്ട്. വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയും മുന്‍മന്ത്രി മാത്യു ടി തോമസും. ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎയുടെ ഘടകക്ഷിയാണ് കേരളത്തിലെ ഇടതുമുന്നണിയിലെയും ഘടകക്ഷിയായിരിക്കുന്നതെന്ന വിരോധാഭാസമാണ് ഇപ്പോള്‍ കാണുന്നത്. ഏതാനും മാസങ്ങളായി കര്‍ണ്ണാടകത്തില്‍ ബിജെപിയുടെയും കേരളത്തില്‍ സിപിഎമ്മിന്റെയും സഖ്യകക്ഷിയായി ഒരേസമയം പ്രവര്‍ത്തിക്കുകയാണ് ജെഡിഎസ്.
ജെഡിഎസ് ബിജെപി പക്ഷത്തേക്ക് പോകുന്നതിന് മുമ്പ് പിണറായി വിജയനോട് ഇക്കാര്യം സംസാരിച്ചുവെന്ന ദേവഗൗഡയുടെ തുറന്നുപറച്ചില്‍ കേരളത്തില്‍ വിവാദമായിരുന്നു. പിണറായി അത് നിഷേധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴും ഫലത്തില്‍ ബിജെപിയുടെ ഘടകക്ഷിയായ ജെഡിഎസിന്റെ മന്ത്രിയായിട്ടാണ് കെ കൃഷ്ണന്‍കുട്ടി പിണറായി മന്ത്രിസഭയിലിരിക്കുന്നതും, മാത്യു ടി തോമസ് എംഎല്‍എ ആയി നിയമസഭയിലിരിക്കുന്നതും. ഇതിനിടയില്‍ കെ കൃഷ്ണന്‍കുട്ടിയും മാത്യു ടി തോമസും ദേവഗൗഡക്കും നരേന്ദ്രമോദിക്കും കര്‍ണ്ണാടകയിലെ ബിജെപി നേതാക്കള്‍ക്കുമൊപ്പം നില്ക്കുന്ന പോസ്റ്റര്‍ ബാംഗ്ളൂരില്‍ തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇറക്കിയതും വിവാദമായിരുന്നു. വ്യാജ പോസ്റ്ററാണ്, നിയമനടപടി സ്വീകരിക്കും എന്നൊക്കെ കൃഷ്ണന്‍കുട്ടി പറഞ്ഞെങ്കിലും പിന്നീട് ഒന്നുമുണ്ടായില്ല.
ജെഡിഎസില്‍ നിന്ന് പിരിഞ്ഞ് പുതിയ പാര്ട്ടിയുണ്ടാക്കണമെന്നാണ് കേരളത്തിലെ ജെഡിഎസിന്റെ ആഗ്രഹമെങ്കിലും അത് അത്രപെട്ടെന്ന് നടപ്പുള്ള കാര്യമല്ല. കൂറുമാറ്റ നിയമത്തിന്റെ പ്രശ്നമടക്കം നിരവധി വിഷയങ്ങള്‍ ഇതിനകത്തുണ്ട്. കേരളത്തിലെ നേതാക്കളെ ദേവഗൗഡ പുറത്താക്കിയെങ്കില്‍ മാത്രമേ വേറെ പാര്‍ട്ടി രൂപീകരണം നടക്കുകയുള്ളു. ഇപ്പോൾ അതിനുള്ള സാഹചര്യവുമില്ല. അപ്പോള്‍ കര്‍ണ്ണാടകയില്‍ ബിജെപിയുടെയും കേരളത്തില്‍ സിപിഎം മുന്നണിയുടെയും ഘടകക്ഷിയായി നില്ക്കുക എന്ന മാര്‍ഗമേ തൽക്കാലം കേരളത്തിലെ ജെഡിഎസിന്റെ മുന്നിലുള്ളു.
കര്‍ണ്ണാടകയിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം ഇതിനെക്കുറിച്ച് സംസാരിക്കാമെന്നാണ് ദേവഗൗഡ നേരത്തെ കേരളാ നേതൃത്വത്തോട് പറഞ്ഞതെന്നറിയുന്നു. പക്ഷെ അപ്പോഴാണ് ഗൗഡയുടെ കൊച്ചുമകന് പ്രജ്വല്‍ രേവണ്ണയുടെ സെക്സ് ടേപ്പുകള്‍ പുറത്തായത്. ഇതോടെ ഗൗഡ കുടുംബം വലിയ പ്രതിസന്ധിയിലായി. ബുധനാഴ്ച നാട്ടിലെത്തുന്ന പ്രജ്വല്‍ രേവണ്ണ ആ നിമിഷം തന്നെ അറസ്റ്റിലാകും. ഇതോടെ ജെഡിഎസിന്റെ രാഷ്ട്രീയ ഭാവി തുലാസിലാടുകയാണ്. ബിജെപിയാകട്ടെ ജെഡിഎസുമായി സഖ്യം ഉണ്ടാക്കാന്‍ തോന്നിയ നേരത്ത പഴിക്കുകയുമാണ്. കര്‍ണ്ണാടകയില്‍ രണ്ടു ഘട്ടമായിട്ടാണ് പോളിംഗ് നടന്നത്. ഏപ്രില്‍ 26നും മെയ് 7നും. പ്രജ്വല്‍ രേവണ്ണ നിര്‍മ്മിച്ചതെന്ന് പറയുന്ന സെക്സ് ടേപ്പുകള്‍ പോളിങ്ങിന്റെ തലേന്ന് പുറത്തുവന്നു. ഇതോടെ ബിജെപി വെട്ടിലായി.
കര്‍ണ്ണാടകത്തില്‍ ജെഡിഎസുമായുള്ള സഖ്യം ബിജെപി ഉപേക്ഷിക്കുമോ എന്ന് നോക്കിയിരിക്കുകയാണ് കേരളത്തിലെ ജെഡിഎസ് നേതൃത്വം. ഉപേക്ഷിച്ചാല്‍ വേറെ പാര്‍ട്ടിയുണ്ടാക്കേണ്ടി വരില്ല. പിണറായി മന്ത്രിസഭയില്‍ മനസാക്ഷിക്കുത്തില്ലാതെ തുടരാം. ഇനി ബന്ധം തുടരാം എന്ന് ബിജെപി തീരുമാനിക്കുകയാണെങ്കില്‍ ആദ്യം സൂചിപ്പിച്ച പോലെ ഒരേസമയം ബിജെപിയുടെയും സിപിഎമ്മിന്റെയും സഖ്യകക്ഷിയായി തുടരേണ്ട ഗതികേട് തുടരും. കേരളത്തിൽ പ്രതിപക്ഷമായ കോണ്‍ഗ്രസ് നിയമസഭയിലും പുറത്തും പലതവണ ഈ വിഷയം ഉന്നയിക്കുകയും ചെയ്തിരുന്നു.
സിപിഎമ്മിനും ബിജെപിയുടെ സഖ്യകക്ഷിയായി ജെഡിഎസ് തുടരുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പാര്‍ട്ടിക്ക് ജനങ്ങളുടെ മുമ്പില്‍ ഈ വിചിത്ര സഖ്യത്തെ ന്യായീകരിക്കാന്‍ കഴിയുന്നില്ല എന്നതാണ് പ്രശ്നം. കേരളത്തിലെ ജനതാദള്‍ ഗ്രൂപ്പുകളെല്ലാം ലയിച്ച് ഒറ്റപ്പാര്ട്ടിയാകണമെന്നാണ് സിപിഎമ്മിന്റെ അഭിപ്രായം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി മല്‍സരിക്കുമ്പോല്‍ ജനതാദള്‍ ഒറ്റക്കക്ഷിയായിരിക്കണമെന്നാണ് സിപിഎം നിർദ്ദേശിച്ചിട്ടുള്ളത്. അതും അത്ര എളുപ്പല്ലെന്നതാണ് വസ്തുത. ദേവഗൗഡയുടെ ജെഡിഎസില്‍ നിന്നും രാജിവച്ചാല്‍ എംഎല്‍എ സ്ഥാനം നഷ്ടപ്പെടുമോ എന്ന പേടി കേരളത്തിലെ രണ്ട് എംഎല്‍എമാര്‍ക്കുമുണ്ട്. കാരണം ഇവര്‍ക്ക് മല്‍സരിക്കാനുള്ള ചിഹ്നം കൊടുത്തത് അഖിലേന്ത്യാ അധ്യക്ഷനായ ദേവഗൗഡയാണ്. അതുകൊണ്ട് പെട്ടെന്ന് പുതിയ പാര്‍ട്ടിയുണ്ടാക്കുന്നത് എളുപ്പമല്ല.
ജെഡിഎസിന്റെ വെബ്സൈറ്റിലും വിക്കിപീഡിയയിലും എല്ലാം കേരളത്തില്‍ നിന്നുള്ള കെ കൃഷ്ണന്‍കുട്ടി, മാത്യു ടി തോമസ്, എ നീലലോഹിതദാസ് എന്നിവരെ പാര്‍ട്ടി നേതാക്കളായിട്ടാണ് കാണിച്ചിരിക്കുന്നത്. ഏതായാലും ഇക്കാര്യത്തില്‍ ജൂണ്‍ നാലിന് ശേഷം ഒരു തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ ജനതാദൾ നേതാക്കള്‍.