ന്യൂഡൽഹി: കൈവശമുള്ള തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ വിശദാംശങ്ങൾ നൽകാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടപ്പോൾ അതു നൽകിയത് നാലു പാർട്ടികൾ മാത്രം. തമിഴ് നാട്ടിലെ ഡി.എം.കെയും അണ്ണാ ഡി.എം.കെയും കർണാടകയിൽ ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജെ.ഡി.എസും ജമ്മു കാശ്മീരിൽ ഫാറൂക്ക് അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള നാഷണൽ കോൺഫറൻസും മാത്രം. അണ്ണാ ഡി.എം.കെയും നാഷണൽ കോൺഫറൻസും തെരഞ്ഞെടുപ്പ് നടന്ന 2019 വർഷത്തെ കണക്കു മാത്രമേ നൽകിയുള്ളൂ. മറ്റു രണ്ടു പാർട്ടികളും 2023 വരെയുള്ള കണക്ക് നൽകി.
സംഭാവന നൽകിയവരുടെ വിവരങ്ങൾ സൂക്ഷിക്കാൻ നിയമപ്രകാരം ബാദ്ധ്യതയില്ലാത്തതിനാൽ കൈവശമില്ലെന്നാണ് ഏറ്റവും കൂടുതൽ തുക ലഭിച്ച ബി.ജെ.പി കൊടുത്ത മറുപടി. ആരുടെ ബോണ്ടാണ് തങ്ങൾക്ക് ലഭിച്ചതെന്ന് അതിറക്കിയ എസ്.ബി.ഐയ്ക്ക് മാത്രമേ അറിയൂ എന്നാണ് കോൺഗ്രസ് അറിയിച്ചത്. കളങ്കിതരാണോ എന്നു നോക്കുകപോലും ചെയ്യാതെ പണം സ്വീകരിച്ചുവെന്ന ആക്ഷേപത്തിന് ഇത് ഇടയാക്കി. അതേസമയം, ഒന്നും മറച്ചുവയ്ക്കാതെ വെളിപ്പെടുത്തിയ ഡി.എം.കെ. പുലിവാല് പിടിച്ചു.വിവാദ ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിനിൽ നിന്ന് 509 കോടിയാണ് ഡി.എം.കെയ്ക്ക് ലഭിച്ചത്. പാർട്ടിക്ക് ആകെ ലഭിച്ചത് 656.5 കോടിയാണ്.സാന്റിയാഗോ മാർട്ടിന്റെ ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവീസസ് കമ്പനി മാെത്തം 1368 കോടിയുടെ ബോണ്ടാണ് വാങ്ങിയിരുന്നത്.രാഷ്ട്രീയ പാർട്ടികൾ സ്വീകരിച്ച ബോണ്ടുകളെ കുറിച്ചുള്ള അധികവിവരം സുപ്രീംകോടതി നിർദ്ദേശപ്രകാരം ഇന്നലെ തെരഞ്ഞെടുപ്പ് കമ്മിഷൻ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറത്തുവിടുകയായിരുന്നു. 2018 മുതൽ 2023 സെപ്തംബർ 30 വരെയുള്ള കണക്കാണിത്.
ഡി.എം.കെയ്ക്ക് മാർട്ടിൻ നൽകിയത്
2020 -21: 60 കോടി
2021-22 : 249 കോടി
2022 – 23: 160 കോടി
2023 ഏപ്രിൽ1- നവം.14 വരെ: 40 കോടി
അണ്ണാ ഡി.എം.കെയ്ക്ക് സൂപ്പർ കിംഗ്സ് 4.95 കോടി
2019ൽ അണ്ണാ ഡി.എം.കെയ്ക്ക് 6.05 കോടി രൂപയാണ് ലഭിച്ചത്. ഇന്ത്യ സിമന്റ്സിന്റെ നിയന്ത്രണത്തിലുള്ള ചെന്നൈ സൂപ്പർ കിംഗ്സ് 4.95 കോടി നൽകി. കോയമ്പത്തൂരിലെ ലക്ഷ്മി മെഷീൻ വർക്സ് ലിമിറ്റഡ് ഒരു കോടിയും, ടി.വി. ക്യാപിറ്റൽ ഫണ്ട്സ് സി.എം.ഡി ഗോപാൽ ശ്രീനിവാസൻ അഞ്ച് ലക്ഷവും 2019ൽ നൽകി.
ഇൻഫോസിസ് ടെക്നോളജീസ് അടക്കം കമ്പനികളിൽ നിന്ന ആകെ ജെ.ഡി.എസിന് ലഭിച്ചത് 89.75 കോടിയാണ്.
സംഭാവന കണക്ക്
1. ബി.ജെ.പി – 6986.5 കോടി
2. തൃണമൂൽ കോൺഗ്രസ് – 1396.5 കോടി
3. കോൺഗ്രസ് – 1334 കോടി
4. ബി.ആർ.എസ് – 1322 കോടി
5. ബിജു ജനതാദൾ – 944.5 കോടി
ബോണ്ട് വാങ്ങാതെ ഇടതും ലീഗും
ബോണ്ട് വാങ്ങേണ്ടെന്ന് ആദ്യമേ നയപരമായി തീരുമാനിച്ചെന്നും അതിനാൽ കൈവശമില്ലെന്നും ഇടതു കക്ഷികളായ സി.പി.എം, സി.പി.ഐ,ഫോർവേഡ് ബ്ലോക്ക്,സി.പി.ഐ (എം.എൽ) എന്നിവ പ്രത്യേകം മറുപടികൾ നൽകി. ബോണ്ട് വാങ്ങിയിട്ടില്ലെന്ന് മാത്രമാണ് മുസ്ലിം ലീഗും ബി.എസ്.പിയും മറുപടി കാെടുത്തത്.
2019ലും കൂടുതൽ ബി.ജെ.പിക്ക്
2019 തിരഞ്ഞെടുപ്പിനു മുൻപ് രാഷ്ട്രീയ പാർട്ടികൾക്ക് ബോണ്ടു മുഖേന ലഭിച്ച സംഭാവനകളുടെ 66 ശതമാനവും ബി.ജെ.പിയ്ക്കായിരുന്നു. 2658 കോടിയോളമാണ് 2018 മാർച്ചിനും 2019 ഏപ്രിൽ 11നുമിടയിൽ ബി.ജെ.പിക്ക് ലഭിച്ചത്. ഈ സമയത്ത് കോൺഗ്രസിനു 530.1 കോടിയും തൃണമൂൽ കോൺഗ്രസിനു 97.28 കോടിയും ബിജു ജനതാതളിനു 239 കോടിയുമാണ് ലഭിച്ചത്.