ഇന്ത്യയിലെ കത്തോലിക്കാ ബിഷപ്പുമാരുടെ സംഘടനയായ കാത്തലിക് ബിഷപ്പ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യയുടെ പ്രതിനിധികള്‍ ഡോ. മാര്‍ ആന്‍ഡ്രൂസ്് താഴത്തിന്റെ നേതൃത്വത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചപ്പോള്‍ അവരെ അനുഗമിച്ചത് തൃശൂരില്‍ നിന്നുള്ള പാര്‍ലമെന്റംഗവും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയായിരുന്നു. കേരളത്തില്‍ നിന്നും ബിജെപിക്ക് ആദ്യമായിട്ട് എംപിയെ ലഭിക്കുന്നതിന് പിന്നില്‍ കത്തോലിക്കാ സഭയുടെ അകമഴിഞ്ഞ പിന്തുണയുണ്ടെന്ന് ബിജെപി നേതൃത്വത്തിന് നന്നായി അറിയാം.
കേരളത്തിലെ വിജയം അഖിലേന്ത്യാ തലത്തില്‍ ബിജെപിക്ക് വലിയ ആത്മവിശ്വാസം തന്നെ നല്‍കിയിട്ടുണ്ട്്. തന്റെ ഓരോ പ്രസംഗത്തിലും പ്രധാനമന്ത്രി നരേന്ദ്രമോദി അ്ത് എടുത്ത് പറയുകയും ചെയ്യുന്നു. അത് കൊണ്ട് കത്തോലിക്കാ മെത്രാന് സമതിക്ക് നരേന്ദ്രമോദിയുടെ മനസില്‍ ഒരു പ്രത്യേക സ്ഥാനമുണ്ടെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. അതോടൊപ്പം കത്തോലിക്കാനായ ജോര്‍ജ്ജ് കുര്യനെ കേന്ദ്രമന്ത്രിയാക്കുകയും ചെയ്തതോടെ ഉദ്ദിഷ്ടകാര്യത്തിന് തങ്ങള്‍ പ്രതീക്ഷിക്കുന്നതിനെക്കാള്‍ ഉപകാരസ്മരണ മോദിയുടെയും ബിജെപിയുടെയും ഭാഗത്തുനിന്നുണ്ടാകുമെന്ന് കത്തോലിക്കാ മെത്രാന് സമിതിക്ക് മനസിലായി.
കത്തോലിക്കാ സഭയുടെ പിന്തുണ ആവോളം നേടി കേന്ദ്രമന്ത്രിയായ സുരേഷ് ഗോപിയാകട്ടെ മെത്രാന്മ്മാര്ക്ക് പിന്നില്‍ ആട്ടുകല്ലുപോലെ ഉറച്ചു നില്‍ക്കുകയാണ്. എന്ത് കാര്യത്തിനും താന്‍ സഭയോടൊപ്പമുണ്ടാകുമെന്ന് നേരത്തെ തന്നെ പുരോഹിതമ്മാര്ക്ക് സൂപ്പര്‍താരം ഉറപ്പ് നല്‍കിയിരുന്നു. ഈ ഉറപ്പ് അവര്‍ വിശ്വസിച്ചതുകൊണ്ടാണ് തൃശൂരില്‍ നിന്നും സുരേഷ്ഗോപി ജയിച്ചതും. കേരളത്തില്‍ ബിജെപിക്ക് സാന്നിധ്യമറിയിക്കണമെങ്കില് ക്രൈസ്തവ വിശ്വാസികളുടെ പിന്തുണ കിട്ടിയേ മതിയാകൂ എന്ന് ബിജെപി നേതൃത്വം രണ്ടു ദശാബ്ദങ്ങള്‍ക്ക് മുമ്പ് തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ അത്തരമൊരു നീക്കത്തെ മുന്നില്‍ നിന്നും നയിക്കാന്‍ പ്രാപ്തരായ ആരും കേരളാ ബിജെപിയിലുണ്ടായിരുന്നില്ല. എന്നാല്‍ സുരേഷ് ഗോപിയുടെ ചലച്ചിത്രതാരമെന്ന ഇമേജും, കരിസ്മയും കൂടിയായപ്പോള്‍ ബിജെപിക്ക് കാര്യങ്ങള്‍ എളുപ്പമായി.
ആര്എസ്എസിനുപുറത്തുള്ള ഒരു നേതൃത്വം ബിജെപിക്കുണ്ടായാലേ ക്രൈസ്തവ വിഭാഗത്തെ ആകര്‍ഷിക്കാന്‍ കഴിയുകയുള്ളുവെന്നും പാര്‍ട്ടി നേരത്തെ മനസിലാക്കിയിരുന്നു. ആര്‍എസ്എസുമായി യാതൊരു ബന്ധവുമില്ലാത്തയാളാണ് സുരേഷ് ഗോപി എന്നത് കാര്യങ്ങള്‍ എളുപ്പമാക്കി. കത്തോലിക്കാ മെത്രാന്മ്മാര് പ്രധാനമന്ത്രിയെ നേരിട്ടു കണ്ടതിന് പിന്നിലെ കാരണമെന്താണ്. മൂന്നാംവട്ടവും പ്രധാനമന്ത്രിയായ മോദിയെ അഭിനന്ദിക്കുക, രാജ്യത്ത് ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പ്രധാനമന്ത്രിയെ ധരിപ്പിക്കുക, ക്രൈസ്തവര്‍ക്കും സ്ഥാപനങ്ങള്‍ക്കുംനേരേയുള്ള അതിക്രമം വര്‍ധിച്ചുവരുന്നതിലെ ആശങ്ക പ്രധാനമന്ത്രിയെ അറിയിക്കുക എന്നതൊക്കെയായിരുന്നു സന്ദര്‍ശനത്തിലെ പ്രധാനകാര്യപരിപാടികള് എന്ന് സിബിസിഐ വൃത്തങ്ങള്‍ പറയുന്നു.നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധനനിയമം ദുരുപയോഗിച്ച് പുരോഹിതരെ കേസില്‍ കുടുക്കുന്നു, എന്നീ വിഷയങ്ങളും ചൂണ്ടിക്കാട്ടി.
അതോടൊപ്പം ദേശീയ ന്യൂനപക്ഷ കമ്മിഷന്, ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന കമ്മിഷന് എന്നിവയിലേക്ക് സമുദായപ്രതിനിധികളെ ഉള്‍പ്പെടുത്തണം, ദളിത് ക്രൈസ്തവര്‍ക്കും സംവരണാനുകൂല്യങ്ങള്‍ ഉറപ്പാക്കണം, മന്ത്രാലയങ്ങളിലും വകുപ്പുകളിലും യോഗ്യതയുള്ള ക്രൈസ്തവരെ നിയമിക്കുന്നത് പരിഗണിക്കണം എന്നിവയും ആവശ്യങ്ങളായി മുന്നില്‍ പ്രധാനമന്ത്രിയുടെ മുന്നില്‍ വച്ചു. ഇതെല്ലാം പുറത്ത് പറയുന്ന ആവശ്യങ്ങളാണ്.അങ്ങിനെ അല്ലാത്ത എന്നാല്‍ സഭയെ സംബന്ധിച്ചിടത്തോളം ഇതിനെക്കാള്‍ പ്രധാന്യമുള്ള മറ്റൊന്നുണ്ട്. രാജ്യത്തുള്ള നൂറിലധികം വരുന്ന ക്രൈസ്തവ സന്നദ്ധസംഘടനകള്‍ക്ക് വിദേശസംഭാവന സ്വീകരിക്കാനാവശ്യമായ രജിസ്ട്രേഷന് കേന്ദ്ര സര്‍ക്കാര്‍ പുതുക്കി നല്‍കിയിട്ടില്ല. വിദേശ ഫണ്ടുകള്‍ മതപരിവര്‍ത്തനത്തിന് ഉപയോഗിക്കുന്നതായുള്ള ആരോപണങ്ങള്‍ നേരത്തെ തന്നെ ആര്‍എസ്എസ് നേതൃത്വം ഉയര്‍ത്തിയിരുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുക എന്നത് ആര്‍എസ്എസിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ആര്‍എസ്എസ് പ്രചാരകന് കൂടിയായ നരേന്ദ്രമോദി ഭരിക്കുമ്പോള്‍ വിദേശ ഫണ്ട് സ്വീകരിക്കുന്ന സന്നദ്ധ സംഘടനകളെ നിര്‍ബാധം പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നതെങ്ങിനെയെന്ന ചോദ്യമാണ് സംഘപരിവാര്‍ ഉയര്‍ത്തുന്നത്.
വിദേശ ഫണ്ടുലഭിക്കുന്നത് മുടങ്ങിയത് ക്രൈസ്തവ സഭകളെ സംബന്ധിച്ചിടത്തോളം വലിയ പ്രതിസന്ധിയാണുണ്ടാക്കിയത്. പെന്തക്കോസ്ത്, ബ്രദറണ്‍, ബാപ്റ്റിസ്റ്റ് സഭകളെ ഉദ്ദേശിച്ചാണ് പ്രധാനമായും കേന്ദ്രസര്‍ക്കാര്‍ രജിസ്ട്രേഷന് പുതുക്കി നല്കാതിരുന്നതെങ്കിലും അത് സിബിസിഐ പോലുള്ളവയെയും വലിയ തോതില്‍ ബാധിച്ചിരുന്നു. ഇന്ത്യയില്‍ കല്‍പ്പിത സര്‍വ്വകലാശാലകളും സ്വകാര്യസര്വ്വകലാശാലകളും അടക്കം നൂറുക്കണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് സിബിസിഐയുടെയും വിവിധ കത്തോലി്ക്കാ രൂപതകളുടെയും കീഴിലുള്ളത്. അവയുടെ പ്രവര്‍ത്തനങ്ങളെയും ഇതു ബാധിച്ചു. ബാക്കിയുള്ളതെല്ലാം അവിടെ നില്ക്കട്ടെ ആദ്യം വിദേശ സംഭാവന സ്വീകരിക്കുന്ന രിജസ്ട്രേഷന്‍ പുതുക്കിതന്നാല് മതിയെന്നാണ് മെത്രാന്‍സംഘം മോദിയോട് ആവശ്യപ്പെട്ടത്. അതു നടത്തിയെടുക്കുന്ന കാര്യം താന്‍ ഏറ്റു എന്ന ഉറപ്പ് സുരേഷ് ഗോപി സഭാപിതാക്കന്മ്മാര്ക്ക് നല്‍കിയിട്ടുണ്ട്. തന്നെ സഹായിച്ചാല്‍ തിരിച്ചു സഹായിക്കാനുള്ള ഒരവസരവും താന്‍ പാഴാക്കില്ലന്ന ഉറപ്പ്് തെരെഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥിയാകും മുമ്പ് സുരേഷ് ഗോപി തൃശൂര്‍ രൂപതക്ക് നല്‍കുകയും ചെയ്തിരുന്നു. സഭ വാക്കുപാലിച്ചു, തിരിച്ചുവാക്കുപാലിക്കാനുള്ള അവസരം ഇപ്പോള്‍ സുരേഷ്ഗോപിക്ക് വന്നുചേര്‍ന്നിരിക്കുകയാണ്.