കൊച്ചി : പെണ്‍കുട്ടികളുടെ കല്യാണത്തെക്കാള്‍ അവധാനത പുലര്‍ത്തേണ്ടത് ആണ്‍കുട്ടികളുടെ കല്യാണത്തിനാണെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. 25 വയസ്സാവുമ്പോഴെക്കും ആണ്‍കുട്ടികള്‍ വിവാഹത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കണമെന്നും ആണ് തലമുറ കുറെക്കൂടി ഉത്തരവാദിത്വോടെ ജീവിതത്തെ നോക്കി കാണണമെന്നും അദ്ദേഹം പറഞ്ഞു. ശാലോം ടിവിയിലെ അഭിമുഖത്തിനിടെയാണ് പാംപ്ലാനി കെസിബിസിയുടെ നിര്‍ദേശങ്ങള്‍ വ്യക്തമാക്കിയത്.
ചില തെറ്റായ സദാചാരബോധങ്ങള്‍ തിരുത്തിയെഴുതേണ്ടതുണ്ട്. മാതാപിതാക്കള്‍ മാത്രം വിചാരിച്ചാല്‍ ഇന്ന് ഒരു ജീവിത പങ്കാളിയെ കണ്ടെത്തുക ദുഷ്കരമാണെന്നും അദ്ദേഹം പറഞ്ഞു. ചെറുപ്പക്കാര്‍ അവരവര്‍ക്ക് വേണ്ട ജീവിത പങ്കാളിയെ കുറിച്ച് സ്വപ്നങ്ങള്‍ ഉള്ളവരാവണം. അവര്‍ അന്വേഷിക്കണം. അനുയോജ്യരായ കണ്ടെത്തിയാല്‍ മാതാപിതാക്കളെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആണ്പിള്ളേരുടെ കാര്യത്തില്‍ ‘അവന് ചെറുക്കനല്ലേ അവന്റെ കാര്യമങ്ങ് നടക്കുമെന്നാണ് പറയുക. അങ്ങനെ നടക്കുകേല എന്ന് മനസിലായി. ഈ കാലഘട്ടത്തില്‍ പെണ്‍കുട്ടികളുടെ കല്യാണത്തേക്കാള്‍ അവധാനത പുലര്‍ത്തേണ്ടത് ആണ് കുട്ടികളുടെ കല്യാണത്തിനാണെന്നും അദ്ദേഹം പറഞ്ഞു.