തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബിക്കടലിലെ അതിതീവ്ര ന്യുനമർദ്ദം മധ്യ തെക്കൻ അറബിക്കടലിനും അതിനു സമീപത്തുള്ള തെക്ക് കിഴക്കൻ അറബിക്കടലിനും മുകളിലായി ബിപോർജോയ് ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. വടക്ക് ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളിൽ മധ്യ കിഴക്കൻ അറബിക്കടലിനു മുകളിൽ തീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടിമിന്നലിനും കാറ്റോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ജൂൺ ആറ് മുതൽ 10വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് കേരളത്തിൽ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരത്ത് കടലോര ഗതാഗതവും വിനോദസഞ്ചാരവും നിരോധിച്ചു. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആ ലപ്പുഴ ജില്ലകളിൽ ബുധനാഴ്ചയും ആലപ്പുഴ, എറണാകുളം ജില്ലകളിൽ വ്യാഴാഴ്ചയും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ വെള്ളിയാഴ്ചയും പത്തനംതിട്ട, ഇ ടുക്കി ജില്ലകളിൽ ശനിയാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് നിരോധനവും ഏർപ്പെടുത്തി. ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ കേരളതീരത്ത് നിന്നും മ ത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കടലിൽ പോയിട്ടുള്ളവർ എത്രയും പെട്ടന്ന് മടങ്ങിയെത്തണമെന്നും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയും അറിയിച്ചു.