അഹമ്മദാബാദ് : ബിപോർജോയ് ചുഴലിക്കാറ്റിന്റെ തീവ്രത പതിയെ കുറയുന്നതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കാറ്റ് രാജസ്ഥാനിലേക്ക് നീങ്ങുകയാണ്. മ ണിക്കൂറിൽ 105–115 കിലോമീറ്റർ വേഗതയിൽ കര തൊട്ട ചുഴലിക്കാറ്റ് സൗരാഷ്ട്ര– കച്ച് തീരം കടന്ന് വടക്കോട്ട് നീങ്ങുകയാണ്. നിലവിൽ രണ്ടു മരണങ്ങളാണ് റിപ്പോർട് ചെയ്തിട്ടുള്ളത്. ജഖൗ – മാണ്ഡവി മേഖലകളിലാണ് കാറ്റ് ഏറ്റവുമധികം നാശം വിതച്ചത്.
ചുഴലിക്കാറ്റിനെത്തുടർന്ന് പലയിടത്തും വീടുകൾ തകർന്നു. മരങ്ങൾ കടപുഴകി. താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. വൈദ്യുതി പോസ്റ്റുകൾ പരക്കെ നിലംപൊത്തി. 940 ഗ്രാമങ്ങളിൽ വൈദ്യുതി പൂർണമായും നിലച്ചു. ഭാവ്നഗറിൽ ഒഴുക്കിൽപ്പെട്ട ആടുകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അച്ഛനും മകനും ഒഴുക്കിൽപ്പെട്ട് മരിച്ചു. രാംജി പാർമർ (55), രാകേഷ് (22) എന്നിവരാണ് മരിച്ചത്. ഇവരുടെ 23 ആടുകളും ചത്തു. വിവിധയിടങ്ങളിലായി 22 പേർക്ക് അപകടങ്ങളിൽ പരിക്കേറ്റു. സംസ്ഥാനത്ത് പൊതുഗതാഗതം നിർത്തിവച്ചു. കച്ച്, ജാംനാനഗർ, മോർബി തുടങ്ങിയ പ്രദേശങ്ങളിൽ മഴ ശക്തമാണ്.
തീരമേഖലയിൽനിന്ന് 180,000 പേരെ ഒഴിപ്പിച്ചിട്ടുണ്ട്. ദേശീയ, സംസ്ഥാന ദുരന്തനിവാരണസേന, കര, നാവിക,വ്യോമ സേന, അതിർത്തിരക്ഷാസേന, തീരസംരക്ഷണസേന എന്നിവ രംഗത്തുണ്ട്. ഗുജറാത്തിലെ നാവികകേന്ദ്രങ്ങളിൽ 25 വിദഗ്ധ സംഘങ്ങളെ ഒരുക്കിയിട്ടുണ്ടെന്നും രക്ഷാപ്രവർത്തനത്തിനു സർവസജ്ജമാണെന്നും നാവികസേന പശ്ചിമമേഖലാ കമാൻഡ് അറിയിച്ചു.
ചുഴലിക്കാറ്റ് കരതൊട്ടതിന് പിന്നാലെ ഗാന്ധിനഗറിൽ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ അധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്നു. രക്ഷാപ്രവർത്തനങ്ങൾക്കായി എൻഡിആർഎഫിന്റെ 18 സംഘത്തെയും സംസ്ഥാന ദുരന്ത നിവാരണവകുപ്പിന്റെ 12 സംഘത്തെയും വൈദ്യുതിവകുപ്പിന്റെ 397 പേരെയും വിന്യസിച്ചിട്ടുണ്ട്. 2021 മേയിലെ തൗക്-തേക്കുശേഷം ഗുജറാത്തിൽ ആഞ്ഞടിക്കുന്ന ചുഴലിക്കാറ്റാണിത്.