ന്യൂഡൽഹി: ബിപോർജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഗുജറാത്തു തീരത്തുനിന്നും 47000 പേരെ മാറ്റിപ്പാർപ്പിച്ചു. ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്ത് നാശനഷ്ടങ്ങളുണ്ടാക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് ജനങ്ങളെ ഒഴിപ്പിക്കുന്നത്. വ്യാഴാഴ്ച വൈകുന്നേരത്തോടെ കച്ചിലെ ജക്കാവുവിൽ വീശുന്ന കാറ്റ് പിന്നീട് പാക് തീരത്തേക്ക് നീങ്ങുമെന്നാണ് പ്രവചനം.
കനത്ത ജാഗ്രതാ നിർദേശങ്ങളാണ് ഗുജറാത്ത് -മഹാരാഷ്ട്ര തീരത്ത് പുറപ്പെടുവിച്ചിരിക്കുന്നത്. മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയേക്കുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ പ്രവചനം.കനത്ത മഴയ്ക്കും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. നിലവിൽ പോർബന്തറിൽ നിന്ന് ഏകദേശം 350 കിലോമീറ്റർ അകലെ തെക്കുപടിഞ്ഞാറായാണ് ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്. നാളെയോടെ കാറ്റ് കര തൊടുമെന്നാണ് കരുതുന്നത്.
ഇതേത്തുടർന്ന് 67ഓളം ട്രെയിനുകൾ പൂർണമായും 48ഓളം എണ്ണം ഭാഗികമായും ജൂൺ 16 വരെ റദ്ദാക്കിയതായി പശ്ചിമ റെയില്‍വേ അറിയിച്ചു. ഗുജറാത്തിലെ ഭുജ് വിമാനത്താവളം താൽക്കാലികമായി അടച്ചു. കണ്ട്ല, മുന്ദ്ര തുറമുഖങ്ങളും അടച്ചിട്ടുണ്ട്.ഗുജറാത്തിലെ കച്ച്, ദേവഭൂമി ദ്വാരക, ജാംനഗർ ജില്ലകളെയാണ് ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യതയുള്ളതെന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ വകുപ്പ് നൽകിയിട്ടുള്ളത്. ജനങ്ങളോട് വീടുകൾക്കുള്ളിൽ തന്നെ കഴിയാൻ നിർദേശം നൽകി. ബീച്ചുകളും തുറമുഖങ്ങളും എല്ലാം അടച്ചിട്ടുണ്ട്.
സംസ്ഥാനത്ത് എൻടിആർഎഫ് ടീമുകളെയും സൈന്യത്തെയും രക്ഷാപ്രവർത്തനത്തിനായി നിയോഗിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ആശുപത്രികളും സജ്ജമാക്കിയതായും അധികൃതർ അറിയിച്ചു.ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ ഗുജറാത്തിന് പുറമെ രാജസ്ഥാന്, മധ്യപ്രദേശ്, കേരളം, തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഗോവ, ലക്ഷദ്വീപ് എന്നിവിടങ്ങളിലും ശക്തമായ മഴ മുന്നറിയിപ്പുണ്ട്.