തിരുവനന്തപുരം: ബിപോർ ജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് അടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. തിരുവനന്തപുരം – വെരാവേൽ അഹമ്മദാബാദിലും കൊച്ചുവേളി – പോർബന്തർ രാജ്കോട്ടിലും യാത്ര അവസാനിപ്പിക്കും. മടക്ക സർവ്വീസും ഇൗ സ്റ്റേഷനുകളിൽ നിന്ന് തന്നെയായിരിക്കും.
ചുഴലിക്കാറ്റ് വൻ നാശനഷ്ടം ഉണ്ടാക്കാനിടയുള്ള സാഹചര്യത്തിൽ ഗുജറാത്തിൽ ദുരന്തനിവാരണ അതോറിട്ടി പുറപ്പെടുവിച്ച എല്ലാ മുൻകരുതലുകളും റെയിൽവേ സ്വീകരിച്ചിട്ടുണ്ട്. ട്രെയിൻ എവിടെയെങ്കിലും തടസ്സപ്പെട്ടാൽ യാത്രക്കാരെ സുരക്ഷിതരായി എത്തിക്കാനുള്ള പകരം സംവിധാനം ഏർപ്പെടുത്തി. ഇലക്ട്രിക് ലൈനുകൾ മുറിഞ്ഞുപോയാൽ പകരം ഡീസൽ ട്രെയിൻഎൻജിനുകളും സജ്ജമാക്കിയിട്ടുണ്ടെന്ന് റെയിൽവേ അറിയിച്ചു.
കോവിൽപെട്ടിയിലും ഇന്ന് ട്രെയിൻ നിയന്ത്രണം
തിരുവനന്തപുരം: കോവിൽപെട്ടിയിൽ സബ് വെ നിർമ്മാണമുള്ളതിനാൽ ഇന്ന് ഇതുവഴിയുള്ള രണ്ട് ട്രെയിനുകൾ വഴിതിരിച്ചുവിടുമെന്നും ആറ് ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുമെന്നും റെയിൽവേ അറിയിച്ചു. ഗുരുവായൂർ-ചെന്നൈ എഗ്മൂർ എക്സ്പ്രസ്,നാഗർകോവിൽ-മുംബയ് എക്സ്പ്രസ് എന്നിവയാണ് തിരുനെൽവേലി,വിരുദുനഗർ വഴി തിരിച്ചുവിടുന്നത്. തിരുച്ചിറപ്പിള്ളി-തിരുവനന്തപുരം എക്സ്പ്രസ് വിരുദുനഗറിൽ യാത്ര നിറുത്തും. ഇൗ ട്രെയിനിന്റെ മടക്കയാത്ര വിരുദുനഗറിൽ നിന്നായിരിക്കും. കോയമ്പത്തൂർ-നാഗർകോവിൽ,താംബരം-നാഗർകോവിൽ എക്സ്പ്രസുകൾ ദിണ്ഡിഗലിൽ യാത്ര അവസാനിപ്പിക്കും. ഇൗ രണ്ടുട്രെയിനുകളുടെ മടക്കയാത്രയും ദിണ്ഡിഗലിൽ നിന്നായിരിക്കും. .