അഹമ്മദാബാദ്: ആശങ്കയുയർത്തിക്കൊണ്ട് ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നു. കച്ച് ജില്ലയിലെ മാണ്ഡവിക്കും പാകിസ്താനിലെ കറാച്ചിക്കും ഇടയിലായി നിലംതൊടുമെന്നാണ് ആദ്യം പ്രവചിച്ചിരുന്നത്. രണ്ടുപ്രദേശങ്ങൾക്കും ഇടയിൽ കച്ചിലെ ജക്കാവുവിലാകും കാറ്റിന്റെ കരതൊടലെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ നിലവിലത്തെ കണക്കുകൂട്ടൽ. കരയിലെത്തിയാൽ 125-135 കിലോമീറ്ററാകും ശരാശരി വേഗമെങ്കിലും 150 വരെ ഉയരാമെന്ന് കേന്ദ്രത്തിന്റെ അഹമ്മദാബാദിലെ ഡയറക്ടർ മനോരമ മൊഹന്തി പറഞ്ഞു.
സംസ്ഥാനത്ത് അതിജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ ഗുജറാത്തിലും മുംബൈ തീരത്തും കടലേറ്റം രൂക്ഷമാണ്. മുംബൈയിൽ കനത്തമഴയും കാറ്റും തുടരുകയാണ്. ഗുജറാത്തിലെ തീരമേഖലകളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു. കച്ച് – ദ്വാരക പ്രദേശങ്ങളിൽ നിന്ന് 12000-ഓളം ആളുകളെ മാറ്റിപ്പാർപ്പിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. തുറമുഖങ്ങൾ അടച്ചു. നൂറുകണക്കിന് ട്രക്കുകളാണ് കണ്ട്ല പോർട്ട് അടച്ചതിനെത്തുടർന്ന് ഗാന്ധിധാമിൽ നിർത്തിയിട്ടിരിക്കുന്നത്. ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.
മോശം കാലാവസ്ഥ വിമാനഗതാഗതത്തെയും ബാധിച്ചു. മുംബൈ വിമാനത്താവളത്തിലെ 09/27 റൺവേ താത്കാലികമായി അടച്ചു. ഒട്ടേറെ വിമാനങ്ങൾ റദ്ദാക്കി. മുംബൈയിൽ ഇറങ്ങേണ്ടിയിരുന്ന പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു. പല വിമാനങ്ങളും വൈകി. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഗുജറാത്തിൽ 67 തീവണ്ടിസർവീസുകൾ പടിഞ്ഞാറൻ റെയിൽവേ റദ്ദാക്കി. കേരളത്തിലൂടെയുള്ള 19577 തിരുനെൽവേലി -ജാംനഗർ തീവണ്ടിയും ഇതിൽപ്പെടും. റദ്ദാക്കിയതിൽ ഭൂരിഭാഗവും പാസഞ്ചറുകളാണ്. ഗാന്ധിധാം, ഭുജ്, ഓഖ, വെരാവൽ, അമ്രേലി, പോർബന്തർ സ്റ്റേഷനുകളിൽനിന്നുള്ളവയാണ് ഏറെയും.
അറബിക്കടലിൽ വടക്കുദിശയിൽ നീങ്ങിക്കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റ് വ്യാഴാഴ്ചയോടെ ദിശമാറി സൗരാഷ്ട്ര, കച്ച്, പാകിസ്താൻ തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചത്. 150 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശിയേക്കുമെന്നാണ് മുന്നറിയിപ്പ്. വ്യാഴംവരെ ഗുജറാത്തിൽ അതിശക്തമായ മഴയും ശക്തമായ കാറ്റുമുണ്ടാകും. സൗരാഷ്ട്ര, കച്ച് മേഖലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ മണിക്കൂറിൽ പത്തുകിലോമീറ്ററിൽ താഴെമാത്രമാണ് വേഗമെങ്കിലും വരുന്ന രണ്ടുദിവസങ്ങളിൽ കൂടുതൽ ശക്തിയോടെ വടക്കോട്ട് നീങ്ങും.
തെക്കുകിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദമാണ് ഏഴിന് ‘ബിപോർജോയ്’ ആയി രൂപംപ്രാപിച്ചത്. ബംഗ്ലാദേശാണ് കാറ്റിന് പേരുനൽകിയത്. ബംഗളയിൽ ബിപോർജോ എന്നാൽ വിനാശമെന്നാണ് അർഥം. ഈ വർഷം അറബിക്കടലിൽ രൂപംകൊണ്ട ആദ്യ ചുഴലിക്കാറ്റാണിത്.സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു. സംസ്ഥാന-കേന്ദ്ര സേനകൾ ജാഗ്രതപാലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഏതു പ്രതികൂലസാഹചര്യവും നേരിടാൻ സജ്ജമാണെന്നും കേന്ദ്രസർക്കാർ അറിയിച്ചു.