


തൃശൂര്‍ : കേരള വികസന ശില്‍പ്പി സി അച്യുതമേനോന്റെ നാമം പരാമര്‍ശിക്കാതെ എങ്ങനെയാണ് തൃശൂരിന്റെ സമരപാരമ്പര്യത്തെയും സാഹിത്യചരിത്രത്തെയും കുറിച്ച് പറയാനാവുകയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തൃശൂര്‍പ്പെരുമയെന്ന പേരില്‍ ദേശാഭിമാനി പത്രത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമ്മേളനത്തിന്റെ ഉദ്ഘാടകന്‍ സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബി ആയിരുന്നു . പ്രസംഗത്തില്‍ തൃശൂരിന്റെ കലാ-സാംസ്കാരിക-രാഷ്ട്രീയ മുന്നേറ്റങ്ങളെക്കുറിച്ചും തൃശൂരില്‍ നിന്ന് പ്രശസ്തിയുടെ കൊടുമുടിയേറിയവരെക്കുറിച്ചുമെല്ലാം എംഎ ബേബി പരാമര്‍ശിച്ചിരുന്നു. എന്നാല്‍ മുന്‍ മുഖ്യമന്ത്രിയും സിപിഐ നേതാവുമായിരുന്ന സി അച്യുതമേനോനെ കുറിച്ചൊന്നും പറഞ്ഞിരുന്നില്ല. എംഎ ബേബിക്ക് ശേഷം പ്രസംഗിക്കാനെത്തിയ ബിനോയ് വിശ്വം ഇക്കാര്യം ചൂണ്ടിക്കാട്ടുകയായിരുന്നു.
ആര്‍ക്കും നിഷേധിക്കാനോ തമസ്കരിക്കാനോ കഴിയാത്ത ജനനേതാവാണ് സി അച്യുതമേനോന്. ആരെങ്കിലും അദ്ദേഹത്തിന്റെ പേരും പ്രവര്‍ത്തനങ്ങളും മറന്നുപോയാല്‍ അത് ഓര്‍മ്മിപ്പിക്കേണ്ട ചുമതല ഒരു കമ്മ്യൂണിസ്റ്റുകാരന് എന്ന നിലയില്‍ തനിക്കുണ്ടെന്നും ബിനോയ് വിശ്വം കപറഞ്ഞു. സിപിഐഎമ്മിനും സിപിഐയ്ക്കും ഇടതുപക്ഷ പ്രസ്ഥാനത്തെ കൂടുതല്‍ ശാക്തീകരിക്കുന്നതിനുള്ള ഉത്തരവാദിത്തത്തെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് ബിനോയ് വിശ്വം തന്റെ പ്രസംഗം അവസാനിപ്പിച്ചത്.