ന്യൂഡൽഹി : ബിൽകിസ് ബാനു കേസിലെ കുറ്റവാളികൾ തിരികെ ജയിലിൽ എത്തണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ച അവസാന ദിവസം ഇന്ന്. പ്രതികൾ ഇന്ന് ജയിലിൽ തിരികെ എത്തിയേക്കുമെന്നാണ് വിവരം. കീഴടങ്ങാൻ സാവകാശം തേടി പ്രതികൾ നൽകിയ ഹർജി സുപ്രിം കോടതി തള്ളിയിരുന്നു.
ആറാഴ്ച വരെ സമയം നീട്ടി നൽകണം എന്നാവശ്യപ്പെട്ടാണ് മൂന്ന് കുറ്റവാളികൾ ആണ് ഹർജി നൽകിയത്. മതിയായ കാരണങ്ങൾ ഇല്ലാത്തതിനാൽ ഹർജി തള്ളുന്നുവെന്ന് ബി വി നാഗരത്ന അറിയിക്കുകയായിരുന്നു. ആരോഗ്യ പ്രശ്നങ്ങള്‍, മക്കളുടെ വിവാഹം, വിളവെടുപ്പ് കാലം തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികൾ ഹര്‍ജി നൽകിയത്. 11 കുറ്റവാളികളും ഈ മാസം 22നകം ജയിലിലെത്തി കീഴടങ്ങണമെന്നാണ് സുപ്രീംകോടതി വിധി.
കുറ്റവാളികള്‍ക്ക് ശിക്ഷയിൽ ഇളവ് നല്കിയ ഗുജറാത്ത് സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കിയായിരുന്നു സുപ്രീംകോടതിയുടെ നടപടി. ശിക്ഷാ ഇളവ് നല്കാന് ഗുജറാത്ത് സര്‍ക്കാരിന് അധികാരമില്ലെന്നായിരുന്നു കോടതി വ്യക്തമാക്കിയത്. വിചാരണ നടത്തിയ മഹാരാഷ്ട്ര സര്‍ക്കാരിനാണ് ശിക്ഷാ ഇളവ് നല്‍കാനുള്ള അധികാരമെന്നുമായിരുന്നു സുപ്രീംകോടതി വിധി.