ന്യൂഡല്‍ഹി : ബില്‍കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് കേസിലെ സാക്ഷി. ബില്‍കിസ് ബാനുവിനെ നീതി ലഭിച്ചുവെന്ന് കേസിലെ സാക്ഷിയായ അബ്ദുള്‍ റസാഖ് മന്‍സുരി പറഞ്ഞു. ദേവ്ഗഥ് ബാരിയ ഗ്രാമത്തിലെ ബില്‍കിസിന്റെ ബന്ധുക്കള്‍ സുപ്രീംകോടതി വിധിയില്‍ പടക്കം പൊട്ടിച്ചാണ് സന്തോഷം പ്രകടിപ്പിച്ചത്.
ബാനുവിന് നീതി ലഭിച്ചിരിക്കുന്നു. ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനം റദ്ദാക്കി, പ്രതികളോട് കീഴടങ്ങാന്‍ നിര്‍ദേശിച്ച സുപ്രീംകോടതി വിധിയില്‍ വളരെ സന്തോഷമുണ്ട്. അബ്ദുള്‍ റസാഖ് മന്‍സുരി പറഞ്ഞു. സംഭവത്തിന് ഞാന്‍ സാക്ഷിയാണ്.
കേസിലെ 11 പ്രതികളെയും മഹാരാഷ്ട്ര കോടതി ശിക്ഷിച്ചതാണ്. ഈ പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ച നടപടി തെറ്റാണ്. അതാണ് കോടതിയില്‍ ചോദ്യം ചെയ്തത്. സുപ്രീംകോടതി വിധി വളരെയധികം സന്തോഷം തരുന്നുവെന്നും അബ്ദുള്‍ റസാഖ് മന്‍സുരി പറഞ്ഞു.
ബില്‍കിസിന്റെ ബന്ധുക്കള്‍ താമസിക്കുന്ന ദേവ്ഗഥ് ബാരിയ ഗ്രാമത്തിലാണ് മന്‍സുരിയും താമസിക്കുന്നത്. സുപ്രീംകോടതി വിധി ടെലിവിഷനില്‍ കണ്ടതിനു പിന്നാലെ ബന്ധുക്കള്‍ പടക്കം പൊട്ടിച്ച് കോടതി വിധിയെ സ്വാഗതം ചെയ്യുകയായിരുന്നു.