പത്തനംതിട്ട: തിരുവല്ലയിൽ ബൈക്ക് മതിലിൽ ഇടിച്ച് രണ്ടുപേർ മരിച്ചു. തിരുവല്ല മഞ്ഞാടി കമലാലയത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ (25), തിരുവല്ല പുഷ്പഗിരി ആശുപത്രിക്ക് സമീപം കിഴക്കേ പറമ്പിൽ വീട്ടിൽ ആസിഫ് അർഷാദ് (24) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന മഞ്ഞാടി പുതുപ്പറമ്പിൽ അരുൺ (25) ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
കച്ചേരിപ്പടി ജംഗ്ഷന് സമീപം ഇന്ന് പുലർച്ചെ മൂന്നിനായിരുന്നു അപകടം. താലൂക്ക് ആശുപത്രി ഭാഗത്തുനിന്നും എത്തിയ മൂവരും സഞ്ചരിച്ചിരുന്ന ബുള്ളറ്റ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു കയറുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ വിഷ്ണുവും ആസിഫും സംഭവസ്ഥലത്ത് വച്ച്തന്നെ മരിച്ചു. ഗുരുതര പരിക്കേറ്റ അരുണിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച രണ്ടുപേരുടെയും മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി.