കൊച്ചി: പാലാരിവട്ടം ചക്കരപറമ്പില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു. രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍ ബൈക്ക് കുടുങ്ങിയാണ് അപകടം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.
രാവിലെ ആറരയ്ക്കാണ് അപകടം. സ്റ്റോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ഓര്‍ഡിനറി ബസിനും തിരുവനന്തപുരത്തേക്ക് പോകുന്ന കെഎസ്ആര്‍ടിസി ഗരുഡ ബസിനും ഇടയിൽ ബൈക്ക് കുടുങ്ങുകയായിരുന്നു. അഗ്നിരക്ഷാ സേനയെത്തി ബസ് വെട്ടിപ്പൊളിച്ചാണ് യുവാക്കളെ പുറത്തെടുത്തത്. രണ്ടുപേരും അപകട സ്ഥലത്തുതന്നെ മരിച്ചു. അപകടത്തെ തുടര്‍ന്ന് നിസാരപരിക്കേറ്റ ഏഴു ബസ് യാത്രികരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.