തൊടുപുഴ : കൊല്ലപ്പെട്ട ബിജു ജോസഫിന്റെ മരണം തലച്ചോറിലേറ്റ ക്ഷതം മൂലമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആന്തരിക രക്തസ്രാവം ഉണ്ടായി. ഇതും മരണത്തിലേക്ക് നയിച്ചെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ബിജുവിൻ്റെ വലത് കൈയിൽ മുറിവുണ്ട്. ഈ മുറിവ് സംബന്ധിച്ച് കൂടുതൽ അന്വേഷണം വേണമെന്ന് പൊലീസ് സൂചിപ്പിച്ചു. പ്രതികളായ മുഹമ്മദ് അസ്ലം, ജോമിൻ എന്നിവരെ സ്ഥലത്തെത്തിച്ച് പൊലീസ് തെലിവെടുത്തു. ബിജുവിനെ ആക്രമിച്ച സ്ഥലത്തു നിന്നും പെപ്പർ സ്പ്രേ, ചെരിപ്പുകൾ എന്നിവ കണ്ടെടുത്തു.
പ്രതികളുടെ ക്രൂരമായ മര്‍ദ്ദനത്തിന് ബിജു ജോസഫ് ഇരയായെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിൽ സൂചിപ്പിച്ചിരുന്നു. മുഖത്തും തലയിലും പരിക്കേറ്റ പാടുകളുണ്ടായിരുന്നു. ഷൂ ലേസുകൊണ്ട് കൈകള്‍ ബന്ധിച്ചിരുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് ബിജു രക്തം ഛര്‍ദ്ദിച്ചുവെന്നാണ് വിവരം. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിക്കും. ചുങ്കം സെന്റ് മേരീസ് ക്നാനായ പള്ളിയിൽ നാളെ ഉച്ചയ്ക്കാണ് സംസ്കാരം.
തൊടുപുഴ ചുങ്കംമുളയില്‍ ബിജു ജോസഫിന്റെ മൃതദേഹം ഇന്നലെയാണ് പൊലീസ് കണ്ടെടുക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച മുതൽ ഇയാളെ കാണാനില്ലായിരുന്നു. തൊടുപുഴ കലയന്താനിക്ക് സമീപം ചെത്തിമറ്റത്തുള്ള ഗോഡൗണിലെ മാലിന്യക്കുഴിയിലേയ്ക്കുള്ള മാൻഹോളിൽ തള്ളി കോൺക്രീറ്റ് ചെയ്ത നിലയിലായിരുന്നു മൃതദേഹം. ബിജുവിന്റെ ഈവന്റ് മാനേജ്മെന്റ് സ്ഥാപനത്തിന്റെ പങ്കാളിയായിരുന്ന ദേവമാതാ കേറ്ററിംഗ് സ്ഥാപന ഉടമ കലയന്താനി തേക്കുംകാട്ടിൽ ജോമോൻ ജോസഫാണ് (51) കേസിലെ മുഖ്യ പ്രതി.
എറണാകുളം ഇടമനക്കാട് പള്ളത്ത് മുഹമ്മദ് അസ്ലം (36), കണ്ണൂർ ചെറുപുഴ കളരിക്കൽ ജോമിൻ കുര്യൻ (25), കാപ്പാ കേസ് പ്രതിയായ ആഷിക് ജോൺസൻ (27) എന്നിവരാണ് കേസിൽ അറസ്റ്റിലായ മറ്റു പ്രതികൾ. സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ബിജുവും മുന്‍ ബിസിനസ് പങ്കാളിയും കേസിലെ ഒന്നാം പ്രതിയുമായ ജോമോനും തമ്മിലുള്ള കരാര്‍ വ്യവസ്ഥകള്‍ പുറത്തു വന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 27 നാണ് ഉപ്പുതറ പൊലീസിന്റെ മധ്യസ്ഥതയില്‍ കരാറിലേര്‍പ്പെട്ടത്.
വ്യവസ്ഥകള്‍ പ്രകാരം ജോമോന് ടെമ്പോ ട്രാവലര്‍, ആംബുലന്‍സ്, മൊബൈല്‍ ഫ്രീസര്‍ എന്നിവ കൈമാറണമെന്ന് നിര്‍ദേശിച്ചിരുന്നു. മൂന്നു മാസത്തിനുള്ളില്‍ കരാര്‍ പാലിക്കണമെന്നായിരുന്നു വ്യവസ്ഥ. ഇതു പാലിക്കാത്തതിനെ തുടര്‍ന്ന് ക്വട്ടേഷന്‍ സംഘത്തിന്റെ സഹായം തേടിയെന്നാണ് ജോമോന് പൊലീസിന് മൊഴി നല്‍കിയിട്ടുള്ളത്. ബിജുവിനെ ലക്ഷ്യമിട്ട് പ്രതികള്‍ 15 ന് തൊടുപുഴയിലെത്തി. മൂന്നു ദിവസത്തെ ആസൂത്രണത്തിന് ശേഷമാണ് ബിജുവിനെ തട്ടിക്കൊണ്ടുപോകുന്നത്.