പട്ന: ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഗവർണറെ കാണാൻ സമയം തേടിയതായി സൂചന. ജെഡിയു മുൻ ദേശീയ അധ്യക്ഷൻ ലല്ലൻ സിംഗിന്റെ നേതൃത്വത്തിൽ ഒരു വിഭാഗത്തിന് എൻഡിഎ പ്രവേശനത്തോട് അതൃപ്തി അറിയിച്ച് രംഗത്തെത്തി. ഇന്ന്ചേരുന്ന ജെഡിയു എംഎൽഎമാരുടെയും എംപിമാരുടെയും യോഗത്തിന് പിന്നാലെ എൻഡിഎ പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും.
ജെഡിയുവിൽ എന്തെങ്കിലും പൊട്ടിത്തെറി ഉണ്ടായാൽ കോൺഗ്രസ് എംഎൽഎമാരെ ഒപ്പം നിർത്താൻ ബിജെപി നീക്കം നടത്തുന്നുണ്ട്. ചില കോൺഗ്രസ് എംഎൽഎമാരുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ആണ് എന്നാണ് പുറത്ത് വരുന്ന വിവരം. നിലവിലെ രാഷ്ട്രീയ സാഹചര്യം ആർജെഡി നേതൃയോഗം ചർച്ച ചെയ്തു. എൻഡിഎ പ്രവേശനത്തെ എതിർക്കുന്ന ലല്ലൻ സിംഗിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തെയും ഹിന്ദുസ്ഥാനി അവാം മോർച്ച നേതാവ് ജിതിൻ റാം മഞ്ജിയേയും കൂടെ നിർത്തി ഭരണം പിടിക്കാനുള്ള ശ്രമത്തിലാണ് ആർജെഡി നേതൃത്വം.അതേ സമയം കോൺഗ്രസ് ദേശീയ നേതൃത്വം നിതീഷ് കുമാറുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ലെന്നും റിപ്പോർട്ടുകളുണ്ട്.