പാറ്റ്ന: കങ്കര്‍ബാഗില്‍ മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ പേരിലുള്ള നാളികേര പാര്‍ക്കിന്റെ പേര് മാറ്റി ബിഹാര്‍ സര്‍ക്കാര്‍. നേരത്തെയുണ്ടായിരുന്ന കോക്കനട്ട് പാര്‍ക്ക് എന്ന പേര് തന്നെയാണ് വീണ്ടും ഇട്ടിരിക്കുന്നത്. വനം-പരിസ്ഥിതി മന്ത്രി തേജ് പ്രതാപ് യാദവ് ഇത് സംബന്ധിച്ച് ഉത്തരവിറക്കി.
2018ല്‍ വാജ്പേയി മരിച്ച ശേഷമാണ് പാര്ക്കിന് അദ്ദേഹത്തിന്റെ പേര് നല്‍കിയത്. പേര് മാറ്റിയെങ്കിലും പാര്‍ക്കിലുണ്ടായിരുന്ന വാജ്പേയിയുടെ പ്രതിമയും കോംമ്പൗണ്ടിന് പുറത്തുള്ള സൈന്‍ബോര്‍ഡും നീക്കം ചെയ്തിട്ടില്ല.പാര്‍ക്കിന്റെ പേര് മാറ്റിയതിനെതിരെ ബിജെപി രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഒരു വശത്ത് മുഖ്യമന്ത്രി നിതീഷ് കുമാര്‍ വാജ്പേയി സ്മാരകത്തില്‍ പൂക്കളര്പ്പിക്കുന്നുവെന്നും മറുവശത്ത് തേജ് പ്രതാപ് യാദവ് പാര്‍ക്കിന്റെ പേര് മാറ്റുന്നുവെന്ന് ബിജെപി വക്താവ് അരവിന്ദ് കുമാര്‍ സിംഗ് പറഞ്ഞു. ബിജെപി ഇതിനെ എതിര്‍ക്കുന്നുവെന്നും പാര്‍ക്കിന്റെ പേര് മാറ്റരുതെന്ന് ആവശ്യപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.