പാറ്റ്ന: ബിഹാറില്‍ ബിജെപി സഖ്യസര്‍ക്കാരിന് കളമൊരുക്കി മുഖ്യമന്ത്രി നിതീഷ് കുമാര്‍. നിതീഷ് ഇന്ന് രാജിവച്ചേക്കുമെന്നാണ് സൂചന. ഇന്നത്തെ പ്രധാന പരിപാടികളെല്ലാം നിതീഷ് റദ്ദാക്കിയിട്ടുണ്ട്. ഞായറാഴ്ച വൈകിട്ടോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ നടന്നേക്കുമെന്നാണ് വിവരം.
പത്തോളം കോണ്‍ഗ്രസ് എംഎല്‍മാരെയും ബിജെപി പാളയത്തിലെത്തിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇവര്‍ ബിജെപിയില്‍ ചേരുകയോ ജെഡിയു അംഗത്വം എടുത്തുകൊണ്ട് എന്‍ഡിഎയുടെ ഭാഗമാവുകയോ ചെയ്യുമെന്നാണ് സൂചന. 243 അംഗ നിയമസഭയില്‍ 122 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ മന്ത്രിസഭയുണ്ടാക്കാം. ബിജെപിക്ക് 78, ജെഡിയു 45 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ചയുടെ നാല് അംഗങ്ങളുടേതിന് പുറമേ ഒരു സ്വതന്ത്ര എംഎല്‍എയുടെ പിന്തുണയും പുതിയ സഖ്യത്തിന് ലഭിക്കും. ഇതിന് പുറമേയാണ് കോണ്‍ഗ്രസ് എംഎല്‍മാരെക്കൂടി ചാക്കിട്ട് പിടിക്കാന്‍ ശ്രമിക്കുന്നത്.
അതേസമയം, നിതീഷിന്റെ നീക്കത്തിന് തടയിടാനുള്ള ശ്രമം ആര്‍ജെഡിയും നടത്തിയേക്കും. 79 സ്വന്തം പാര്‍ട്ടി എംഎല്‍എമാര്‍ക്ക് പുറമേ കോണ്‍ഗ്രസിന്റെയും മൂന്ന് ഇടതുപാര്ട്ടികളുടേതുമടക്കം 114 എംഎല്‍എമാരുടെ പിന്തുണ മഹാസഖ്യത്തിനുണ്ട്. നിതീഷ് ക്യാമ്പില്‍ നിന്ന് എട്ട് എംഎല്‍എമാരെ തങ്ങള്‍ക്കൊപ്പം എത്തിച്ചാല്‍ മഹാസഖ്യ സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ സാധിക്കും. നീതീഷിന്റെ നീക്കത്തില്‍ അതൃപ്തരായ ജെഡിയു എംഎല്‍എമാരെ ഒപ്പം നിര്‍ത്തുകയാണ് ആര്‍ജെഡിയുടെ ലക്ഷ്യം. മുതിര്‍ന്ന ആര്‍ജെഡി നേതാക്കളുടെ യോഗം ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ വസതിയില്‍ ഇന്ന് നടക്കും.