ധരംശാല: ടെസ്റ്റ് ക്രിക്കറ്റിനെ ആക്രമണ ശൈലി കൊണ്ട് നേരിട്ട ഇംഗ്ലണ്ടിന്റെ ബാസ്ബോള്‍ ഇന്ത്യക്ക് മുന്നില്‍ നിശ്ചലം. ലോക ക്രിക്കറ്റിലെ വമ്പന്മാര്ക്കെതിരെ പരീക്ഷിച്ച് വിജയച്ച ശൈലി ഇന്ത്യയിലെത്തിയപ്പോള്‍ അടിപതറി. അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യന്‍ ജയം 4-1ന്. അവസാന ടെസ്റ്റില്‍ ഇന്നിങ്ങ്സിനും 64 റണ്‍സിനുമായിരുന്നു വിജയം . പരമ്പരയയില്‍ 712 റണ്‍സ് നേടി ഇന്ത്യക്കായി തിളങ്ങിയ യശ്വസി ജയ്സ്വാള്‍ മാന്‍ ഓഫ് ദ സീരീസും കുല്‍ദീപ് യാദവ് പ്ലയര്‍ ഓഫ് ദി മാച്ചുമായി. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തി.
ആദ്യ ഇന്നിങ്ങ്സില്‍ ഇന്ത്യ നേടിയ 257 റണ്‍സിന്റെ ലീഡാണ് മത്സരം ഇന്ത്യക്ക് അനുകൂലമാക്കിയത്. രണ്ടാം ഇന്നിങ്സില്‍ ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 195 റണ്‍സിന് പുറത്താവുകയായിരുന്നു. 100ാം ടെസ്റ്റ് കളിക്കുന്ന അശ്വിന് രണ്ട് ഇന്നിങ്സില്‍ നിന്നായി 9ഉം കുല്‍ദീപ് യാദവ് 7ഉം വിക്കറ്റ് വീഴ്ത്തി. 84 റണ്‍സെടുത്ത ജോ റൂട്ടിന് മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ പിടിച്ച് നില്‍ക്കാനായത്.