തിരുവനന്തപുരം : അന്‍വറിനെ നായകനാക്കി വലിയ നാടകം അരങ്ങേറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. എല്ലാം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. അന്‍വറിന്റെ പാര്‍ട്ടി വെറും പ്രഖ്യാപനത്തില്‍ ഒതുങ്ങി. ഉയര്‍ത്തിയ ആരോപണങ്ങളില്‍ ജനങ്ങള്‍ക്ക് വ്യക്തത വന്നു കഴിഞ്ഞു. അമിത സ്വത്ത് സമ്പാദനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിജിലന്‍സ് അന്വേഷണം നടന്നു വരികയാണ്. ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നില്‍ ജമാ അത്തെ ഇസ്ലാമിയും എസ്ഡിപിഐയുമാണ്. അവരാണ് ഇതിന്റെ നേതൃത്വത്തിലിരുന്നുകൊണ്ട് മാര്‍ക്സിസ്റ്റുകാര്‍ എഡിജിപിയുമായി പാലം പണിയുന്നു എന്ന് പ്രചരിപ്പിച്ചതെന്നും എം വി ഗോവിന്ദന് തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സ്ഥാനമാറ്റത്തോടെ എം ആര് അജിത് കുമാറിനെതിരായ നടപടി അവസാനിച്ചിട്ടില്ല. അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടനടി നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആരോപണം ഉയര്‍ന്ന ഉടനെ എസ്പിയെ മാറ്റി, റിപ്പോര്‍ട്ട് കിട്ടി 24 മണിക്കൂറിനുള്ളില്‍ എഡിജിപിയെ സ്ഥാനത്ത് നിന്ന് മാറ്റി, ശരിയായ നിലപാടെടുക്കാന്‍ സര്‍ക്കാരിനായെന്നും അദ്ദേഹം പറഞ്ഞു.
എഡിജിപി വിവാദം സ്ഥാനമാറ്റത്തോടെ എല്ലാം മാറില്ല. ആര്‍എസ്എസ് കൂടിക്കാഴ്ചയില്‍ അടക്കം അന്വേഷണം ഉണ്ടാകും. മാത്യു കുഴല്നാടന് ഇനിയും കുറെ ചരിത്രങ്ങള്‍ പഠിക്കാനുണ്ട്. മാത്യു കുഴല്നാടന് പുഷ്പനെ അപമാനിച്ചു. ചരിത്രത്തെ അപമാനിക്കുന്ന കോമാളിയായി മാത്യു കുഴല്നാടന് മാറി. വയനാട് ദുരന്തം കേരളത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി ഏറ്റെടുത്തതായിരുന്നു.
അവരുടെ ജീവിതപ്രയാസം, പുനരധിവാസം ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും കേരളത്തിലെ ജനങ്ങള്‍ കക്ഷി രാഷ്ട്രീയം മാറ്റി വെച്ച് പങ്കുചേര്‍ന്നു. ഇതെല്ലാം കേരളത്തെ ലോകത്തിന് മുന്നില്‍ മാതൃകയാക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനം എല്ലാവരും അഭിനന്ദിക്കുന്ന സ്ഥിതിയാണുണ്ടായത്. ഇതെല്ലാമായിട്ടും കേരളത്തെ സഹായിക്കുന്ന യാതൊരു നിലപാടും കേന്ദ്രം സ്വീകരിച്ചില്ല. സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. പ്രധാനമന്ത്രി വന്നു പോയിട്ടും കേരളത്തോടുള്ള അവഗണന നീളുകയാണ്. കേരളത്തോടെ തികഞ്ഞ അവഗണനയാണ് കാണിച്ചിട്ടുള്ളത്. ഉന്നത വിദ്യാഭ്യാസ മേഖല അട്ടിമറിക്കാനാണ് ഗവര്‍ണര്‍ ശ്രമിച്ചത്. ഇതിനെ അതിജീവിക്കാന്‍ സര്‍വകലാശാലകള്‍ക്കായെന്നും എം വി ഗോവിന്ദന് പറഞ്ഞു.