ആലപ്പുഴ: ചരിത്രത്തിലെ ഏറ്റവും വലിയ ചൂടിനെ അഭിമുഖീകരിച്ചതോടെ സംസ്ഥാനത്ത് കുതിച്ചുയർന്ന് കുട വിൽപ്പനയും. ഓൺലൈൻ വിൽപനയിൽ മാത്രം 20% വർധനയുണ്ടായെന്നാണ് കുട നിർമാതാക്കൾ പറയുന്നത്. ഓഫ്ലൈൻ വിപണിയിലും വിൽപ്പന കുത്തനെ കൂടി. സാധാരണ മഴക്കാലത്തുണ്ടാകുന്ന വർധനയാണ് ചൂട് കനത്തതോടെ നടക്കുന്നത്. ഇത്തവണ ഫെബ്രുവരി മുതൽ വേനൽക്കാല വിൽപ്പനയിൽ പതിവിനെക്കാളേറെ വർധനവുണ്ടായതായും നിർമാതാക്കൾ പറയുന്നു.
400– 450 രൂപ വിലയുള്ള കുടകൾക്കാണ് ആവശ്യക്കാർ ഏറെയും. 700 രൂപ വരെ വിലവരുന്ന കുടകൾക്കും വിപണിയിൽ മികച്ച സ്വീകാര്യതയുണ്ട്. അൾട്രാവയലറ്റ് രശ്മികൾ പ്രതിരോധിക്കുന്ന യുപിഎഫ് 40 പ്ലസ് റേറ്റിങ് ഉള്ള തുണി ഉപയോഗിച്ചുള്ള കുടകൾക്കും ആവശ്യക്കാരുണ്ട്. മിനി യുപിഎഫ് എന്ന 5 മടക്ക് കുടയ്ക്ക് 620 രൂപ മുതലാണ് വില.
ഉപയോഗം വർധിച്ചെങ്കിലും അന്തരീക്ഷ താപനിലയിലെ വർധന കാരണം കുടകൾ വേഗം നശിക്കുന്ന പ്രശ്നവുമുണ്ട്. ഹോട്ടലുകളിലും പാർക്കുകളിലും ഉപയോഗിക്കുന്ന വലിയ ഔട്ഡോർ കുടകളിലാണ് ഈ മാറ്റം പ്രകടം. 7–8 വർഷം വരെ കേടുകൂടാതെ നിന്നിരുന്ന അക്രിലിക് ഫാബ്രിക് കുടകൾ ഇപ്പോൾ 5 വർഷം ആകുമ്പോഴേക്കും കേടാകുന്നു. രണ്ട് വർഷത്തോളം ഈടു നിന്നിരുന്ന പോളിസ്റ്റർ ഫാബ്രിക് കുടകൾ ഇപ്പോൾ ഒരു വർഷത്തോളം മാത്രമേ ഈട് നിൽക്കുന്നുള്ളൂ. അക്രിലിക് ഫാബ്രിക് കുടകൾക്ക് പോളിസ്റ്റർ ഫാബ്രിക് കുടകളെക്കാൾ അഞ്ചിരട്ടി വിലയുള്ളതിനാൽ പോളിസ്റ്റർ കുടകൾക്കാണ് ആവശ്യക്കാർ കൂടുതൽ.