ന്യൂഡല്‍ഹി: ചണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. എഎപി സ്ഥാനാര്‍ത്ഥി കുല്‍ദീപ് കുമാര്‍ വിജയിച്ചതായി സുപ്രീംകോടതി പ്രഖ്യാപിച്ചു. കുല്‍ദീപിന് 20 വോട്ടും ബിജെപിയുടെ മനോജ് സോങ്കറിന് 16 വോട്ടും ലഭിച്ചതായി സുപ്രീംകോടതിയില്‍ നടന്ന റി കൗണ്ടിങ്ങില്‍ കണ്ടെത്തി.
മുന്‍ വരണാധികാരി അസാധുവാണെന്ന് വിലയിരുത്തിയ എട്ടു വോട്ടുകള്‍ സാധുവാണെന്ന് സുപ്രീംകോടതി വിധിച്ചു. കുല്‍ദീപിന് ലഭിച്ച എട്ടു വോട്ടുകളാണ് മുന്‍ വരണാധികാരിയായ അനില്‍ മാസിഹ് അസാധുവാണെന്ന് പ്രഖ്യാപിച്ചത്. ഇതിനെതിരെയാണ് ആം ആദ്മി പാര്‍ട്ടി സുപ്രീംകോടതിയെ സമീപിച്ചത്. കോണ്‍ഗ്രസും എഎപിയും സംയുക്തമായിട്ടാണ് കുല്‍ദീപിനെ സ്ഥാനാര്‍ത്ഥിയാക്കിയത്.
മുന്‍ വരണാധികാരി അനില്‍ മാസിഹ് കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും സുപ്രീംകോടതി വിലയിരുത്തി. ജനുവരി 30 ന് നടന്ന മേയര്‍ തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറില്‍ ക്രമക്കേട് നടത്തിയ വരണാധികാരി അനില്‍ മാസിഹിനെതിരെ സെക്ഷന്‍ 340 പ്രകാരം നിയമ നടപടി സ്വീകരിക്കണം. ഇതിനായി അനില്‍ മാസിഹിന് കാരണം കാണിക്കൽ നോട്ടീസ് നല്കാന് സുപ്രീംകോടതി, രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്കി.