ന്യൂഡല്‍ഹി : ഏകീകൃത തിരിച്ചറിയല്‍ സംവിധാനമായ ആധാര്‍ നടപ്പാക്കുന്ന യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) പുതിയ സിഇഒ ആയി ഭുവ്നേഷ് കുമാറിനെ കേന്ദ്രസർക്കാർ നിയമിച്ചു. അമിത് അഗര്‍വാള്‍ ഫാര്‍മസ്യൂട്ടിക്കല്‍ വകുപ്പ് സെക്രട്ടറിയായി നിയമിതനായ പശ്ചാത്തലത്തിലാണ് ഭുവ്നേഷ് കുമാറിനെ പുതിയ സിഇഒ ആയി നിയമിച്ചത്.
ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറിയായ്രുന്നു ഭുവ്നേഷ് കുമാർ. ഉത്തര്‍പ്രദേശ് കേഡറില്‍ നിന്നുള്ള 1995 ബാച്ച് ഐഎഎസ്. ഉദ്യോഗസ്ഥനാണ്. കുരുക്ഷേത്ര എന്‍ഐടിയില്‍ നിന്നുള്ള ബിരുദധാരിയാണ് ഭുവ്നേഷ് കുമാര്‍. അഡീഷണല്‍ സെക്രട്ടറി സ്ഥാനത്തിനൊപ്പമാണ് അദ്ദേഹം യുഐഡിഎഐയുടെ സിഇഒ പദവിയും വഹിക്കുക.
പൗരന്മാര്ക്ക് ആധാര്‍ നമ്പര്‍ നല്‍കുന്നതിനും പൗരന്മാരുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന കേന്ദ്രീകൃത ഡാറ്റാബേസായ സെന്‍ട്രല്‍ ഐഡന്റിറ്റി ഡാറ്റാ റെപ്പോസിറ്ററിയുടെ (സിഐഡിആര്‍) മേല്‍നോട്ടം വഹിക്കുന്നതിനുമുള്ള സ്ഥാപനമാണ് യുഐഡിഎഐ. ഡിസംബറിലാണ് അമിത് അഗര്‍വാളിനെ യുഐഡിഎഐയുടെ സിഇഒ സ്ഥാനത്തു നിന്നും മാറ്റിയത്.