കൊല്‍ക്കത്ത : അസന്‍സോള്‍ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയും ഭോജ്പുരി പിന്നണി ഗായകനുമായ പവന് സിങ് പിന്മാറി. എക്സിലൂടെയാണ് പവന് സിങ് തീരുമാനം അറിയിച്ചത്. ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയെ അഭിസംബോധന ചെയ്താണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് വ്യക്തമാക്കിയത്.
ചില കാരണങ്ങളാല്‍ തനിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്നാണ് പവന് സിങ് കുറിച്ചത്. ‘ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഉന്നത നേതൃത്വത്തിന് ഞാന്‍ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. പാര്‍ട്ടി എന്നെ വിശ്വസിക്കുകയും അസന്‍സോളിലെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ചില കാരണങ്ങളാല്‍ എനിക്ക് അസന്‍സോളില്‍ നിന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ നിലവിലെ എംപി ശത്രുഘ്നന്‍ സിന്‍ഹയാണ് ബിജെപിയുടെ എതിര്‍സ്ഥാനാര്‍ഥി. ബിഹാറിലെ അരാഹ് സ്വദേശിയായ പവന് സിങിന് അസന്‍സോളിലുള്ള സ്വാധീനം മുന്‍നിര്‍ത്തിയാണ് ബിജെപി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. അറിയപ്പെടുന്ന ഭോജ്പുരി ഗായകന് എന്ന നിലിയിലും വോട്ട് പിടിക്കാമെന്നുള്ള ഉദ്ദേശവും ബിജെപി കണക്കു കൂട്ടിയിരുന്നു. ഇതിന് തിരിച്ചടിയായിരിക്കുകയാണ് ഇപ്പോഴുള്ള പിന്മാറ്റം.