ലഖ്നൗ: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് സമാജ് വാദി പാർട്ടി സ്ഥാനാർഥിക്കെതിരെ ഉത്തർപ്രദേശിലെ നാഗിന (എസ്.സി) ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കും. ബി.എസ്.പിയുടെ സിറ്റിംഗ് സീറ്റായ മണ്ഡലത്തിൽ മനോജ്കുമാറാണ് എസ്.പി സ്ഥാനാർഥി. ആസാദ് സമാജ് പാർട്ടി ബാനറിൽ മത്സരിക്കുന്ന ആസാദും എതിർസ്ഥാനാർഥി മനോജ്കുമാറും ഇന്ന് മണ്ഡലത്തിൽ നാമനിർദേശ പത്രിക സമർപ്പിച്ചു. 2014ലാണ് ആസാദ് ഭീം ആർമി സ്ഥാപിച്ചത്.
സോഷ്യലിസ്റ്റ് യൂണിറ്റി സെൻറർ ഓഫ് ഇന്ത്യ (കമ്യൂണിസ്റ്റ്) സ്ഥാനാർഥി ഹർകിഷോർ സിംഗ് മൊറാദാബാദ് മണ്ഡലത്തിലും രാഷ്ട്രീയ സമാജ് ദൾ(ആർ) സ്ഥാനാർഥി സഞ്ജയ് കുമാർ ഭാരതി രാംപൂർ മണ്ഡലത്തിലും പത്രിക നൽകി. ഏപ്രിൽ 19ന് ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന യു.പിയിൽ ഈ നാല് പേരാണ് നിലവിൽ പത്രിക സമർപ്പിച്ചതെന്നാണ് അധികൃതർ പറയുന്നത്. ഏഴ് ഘട്ടങ്ങളായി നടക്കുന്ന തെരഞ്ഞെടുപ്പിൽ ആദ്യ ഘട്ടം എട്ട് മണ്ഡലങ്ങളിലാണ് നടക്കുക. സഹാറൻപൂർ, കൈറാന, മുസാഫർനഗർ, ബിജ്നോർ, നാഗിന, മെറാദാബാദ്, രാംപൂർ, പിലിബിത്ത് എന്നിവയാണ് ആദ്യം തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങൾ. യുപിയിൽ ബിഎസ്പി തനിച്ചാണ് ഇക്കുറി മത്സരിക്കുന്നത്. ഇൻഡ്യാ മുന്നണിയുടെ ഭാഗമായ എസ്.പിയും കോൺഗ്രസും ഒന്നിച്ച് മത്സരിക്കും. രാഷ്ട്രീയ ലോക്ദൾ ബിജെപിക്കൊപ്പം എൻ.ഡി.എയിലാണ് ഇറങ്ങുക.