ന്യൂഡൽഹി: 18-ാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കം. ഭർതൃഹരി മെഹ്താബ് ആണ് പ്രോടെം സ്പീക്കർ. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബി.ജെ.ഡിയിൽനിന്ന് ബി.ജെ.പിയിലെത്തിയ മെഹ്ത്താബ് ഏഴാം തവണയാണ് ലോക്സഭാംഗമാകുന്നത്. എട്ടാം തവണ സഭയിലെത്തിയ കൊടിക്കുന്നിൽ സുരേഷിനെ പ്രോടെം സ്പീക്കറാക്കാത്തതിൽ പ്രതിഷേധിച്ച് ഇൻഡ്യാ സഖ്യം പ്രോടെം സ്പീക്കർ പാനലിൽനിന്ന് പിൻമാറി. കൊടിക്കുന്നിൽ സുരേഷിനെ പ്രോടെം സ്പീക്കറാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ച് ഇൻഡ്യാ സഖ്യം പ്രോടെം സ്പീക്കർ പനലിൽനിന്ന് പിൻമാറി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യം എം.പിയായി സത്യപ്രതിജ്ഞ ചെയ്തത്.അതിനിടെ ലോക്സഭാ സമ്മേളനത്തിന്റെ ആദ്യദിനത്തിൽ പ്രതിപക്ഷ അംഗങ്ങൾ പാർലമെന്റിലെത്തിയത് ഭരണഘടനയുടെ ചെറിയ പതിപ്പുമായിട്ടാണ് . പ്രോടെം സ്പീക്കർ സ്ഥാനത്തുനിന്ന് കൊടിക്കുന്നിൽ സുരേഷിനെ ഒഴിവാക്കിയതിൽ അടക്കം പ്രതിഷേധിച്ചായിരുന്നു നടപടി. എന്നാൽ അടിയന്തരാവസ്ഥക്കാലത്തെക്കുറിച്ച് ഓർമിപ്പിച്ചുകൊണ്ടായിരുന്നു പ്രതിപക്ഷത്തിനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടി. അടിയന്തരാവസ്ഥക്കാലത്ത് ഭരണഘടനപോലും വിസ്മരിക്കപ്പെട്ടു. ജൂണ്‍ 25 ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത ദിനമാണെന്നും മോദി പറഞ്ഞു.