തൃശൂര്‍: വിലക്കയറ്റത്തില്‍നിന്ന് സാധാരണക്കാരെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കേന്ദ്രസര്‍ക്കാരിന്റെ’ഭാരത്’ അരിവില്‍പ്പന സംസ്ഥാനത്ത് ആരംഭിച്ചു. തൃശൂരില്‍ 29 രുപ നിരക്കില്‍ ഇന്ന് 150 പാക്കറ്റ് പൊന്നി അരി വില്‍പ്പന നടത്തി. നാഫെഡ്, നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷന്, കേന്ദ്രീയ ഭണ്ഡാര്‍ തുടങ്ങിയവര്‍ക്കാണ് വിതരണച്ചുമതല. മറ്റ് ജില്ലകളിലും അടുത്തദിവസം മുതല്‍ വാഹനങ്ങളില്‍ വിതരണം തുടങ്ങും
അഞ്ച്, 10 കിലോ ഗ്രാം പാക്കറ്റുകളിലായിരിക്കും അരി ലഭിക്കുകയെന്ന് ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയല്‍ നേരത്തെ അറിയിച്ചിരുന്നു. ആദ്യഘട്ടത്തില്‍ ചില്ലറവിപണി വില്‍പ്പനയ്ക്കായി അഞ്ചുലക്ഷം ടണ്‍ അരിയാണ് കേന്ദ്രം അനുവദിച്ചത്. തൃശൂരില്‍ 10 വാഹനങ്ങള്‍ ‘ഭാരത’് അരി വിതരണത്തിനായി സജ്ജമായിട്ടുണ്ട്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നേരിട്ടുള്ള ഔട്ട്ലെറ്റ് ആരംഭിക്കാനുള്ള ചര്‍ച്ചകള്‍ എന്‍സിസിഎഫ് നേതൃത്വത്തില്‍ ആരംഭിച്ചു. അടുത്തയാഴ്ചയോടെ കൂടുതല്‍ ലോറികളിലും വാനുകളിലും കേരളം മുഴുവന്‍ ഭാരത് അരി വിതരണത്തിന് തയ്യാറാകും. ഇതിലൂടെ നേരിട്ട് ഭാരത് അരി ജനങ്ങളിലേക്ക് എത്തിക്കാനാണ് എന്‍സിസിഎഫ് പദ്ധതിയിടുന്നത്.