ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍.കെ.അദ്വാനിക്ക് രാജ്യത്തെ പരമോന്നത സിവിലിയന്‍ പുരസ്കാരമായ ഭാരതരത്ന. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് എക്സ് പ്ലാറ്റ്ഫോമിലൂടെ ഇക്കാര്യം അറിയിച്ചത്.രാഷ്ട്രീയരംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം നല്‍കുക. രാജ്യത്തിന്റെ വികസനത്തിന് അദ്വാനി നല്‍കിയത് മഹത്തരമായ സംഭാവനയാണെന്ന് മോദി എക്സില്‍ കുറിച്ചു. അദ്വാനിക്കൊപ്പമുള്ള മോദിയുടെ ചിത്രങ്ങളും പ്രധാനമന്ത്രി ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.
96ാം വയസിലാണ് അഡ്വാനിയെ രാജ്യം ഭാരത് രത്ന നല്കി ആദരിക്കുന്നത്. രാജ്യത്ത് ബിജെപിക്ക് അടിത്തറ ഒരുക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച നേതാവ് കൂടിയാണ് എല്‍കെ അഡ്വാനി. രാഷ്ട്രീയ സ്വയം സേവക് സംഘത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശം. നേരത്തെ മുതിര്‍ന്ന ബിജെപി നേതാവും ഇന്ത്യന്‍ പ്രധാനമന്ത്രിയുമായ വാജ്പേയിക്കും രാജ്യം ഭാരത് രത്ന നല്‍കിയിരുന്നു.
1970ല്‍ ആദ്യമായി രാജ്യസഭാംഗമായി തെരഞ്ഞെടുത്തു. 1974-76 കാലഘട്ടത്തില്‍ രാജ്യസഭയിലെ ജനസംഘത്തിന്റെ നേതാവായി പ്രവര്‍ത്തിച്ചു. 1985-ല്‍ ജനസംഘം പ്രസിഡന്റായി. അടിയന്തരാവസ്ഥയ്ക്കുശേഷം ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ സംഘടനാ കോണ്‍ഗ്രസ്, സ്വതന്ത്ര പാര്‍ട്ടി, സോഷ്യലിസ്റ്റ് പാര്‍ട്ടി, ജനസംഘം ഇവര്‍ കൂടിച്ചേര്‍ന്ന് ജനതാപാര്‍ട്ടി രൂപീകരിച്ചു. 1977-ല്‍ മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ ഇദ്ദേഹം ക്യാബിനറ്റ് പദവിയുള്ള വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായിരുന്നു.
ഭാരതീയ ജനതാപാര്‍ട്ടി രൂപീകരിക്കപ്പെടുകയും 1986-ല്‍ അഡ്വാനി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1999 മുതല്‍ 2004 വരെ ആഭ്യന്തരമന്ത്രിയായിരുന്നു. 2002 മുതല്‍ 2004 വരെ ഉപപ്രധാനമന്ത്രി സ്ഥാനവും അലങ്കരിച്ചു. 2004 മുതല്‍ 2009 വരെ ലോക്സഭയില്‍ ഇദ്ദേഹം പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചു.