ന്യൂഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷൻ മുൻ തലവൻ ബ്രിജ്ഭൂഷൺ ശരൺ സിംഗിനെതിരായ ലൈംഗികാതിക്രമക്കേസിൽ പരസ്യ പ്രതിഷേധം ഉയർത്തിയ ബജ്റംഗ് പൂനിയയ്ക്കും വിനേഷ് ഫോഗട്ടിനും ഏഷ്യൻ ഗെയിംസിന് നേരിട്ട് എൻട്രി നൽകി ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ ആഡ്ഹോക് കമ്മിറ്റി.
ഒളിംപിക്സ് വെങ്കല മെഡൽ ജേതാവായ പൂനിയ മത്സരിക്കുന്ന 65 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിലും ലോക ചാമ്പ്യൻ ഫോഗട്ട് പോരാടുന്ന വനിതകളുടെ 53 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിലും നേരത്തെതന്നെ സെലക്ഷൻ നടപടികൾ പൂർത്തിയായിരുന്നു.എന്നാൽ ഇരുവർക്കും പ്രത്യേക പരിഗണന നൽകി, ഏഷ്യൻ ഗെയിംസ് ടീമിൽ ഉൾപ്പെടുത്തുമെന്ന് ഐഒസി ആഡ്ഹോക് കമ്മിറ്റി അറിയിച്ചു.
ഏഷ്യൻ ഗെയിംസ് ഗുസ്തി ടീമിനുള്ള മറ്റ് വിഭാഗങ്ങളുടെ സെലക്ഷൻ ട്രയൽസ് ആരംഭിക്കാൻ നാല് ദിവസം മാത്രം ബാക്കി നിൽക്കെയാണ് സമതി ഈ തീരുമാനം കൈക്കൊണ്ടത്. എന്നാൽ സമിതിയുടെ ഈ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് മറ്റ് താരങ്ങൾ അറിയിച്ചിട്ടുണ്ട്.