ജയ്പുർ: രാജസ്ഥാന്റെ പതിനാലാമത് മുഖ്യമന്ത്രിയായി ഭജൻ ലാൽ ശർമ അധികാരമേറ്റു. ജയ്പുരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പ്രൗഢമായ ചടങ്ങിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തത്.സംഗനീറിൽ നിന്ന് ആദ്യമായി എംഎൽഎയായ ഭജൻ ലാൽ ശർമയെ ചൊവ്വാഴ്ചയാണ് രാജസ്ഥാൻ മുഖ്യമന്ത്രിയായി ബിജെപി കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചത്.
ഭജൻലാൽ ശർമയ്ക്കു പിന്നാലെ ദിയാ കുമാരിയും പ്രേംചന്ദ് ബർവയും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.സത്യപ്രതിജ്ഞാ ചടങ്ങിൽ ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തുടങ്ങിയവർ പങ്കെടുത്തു. രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര നിരീക്ഷക സംഘത്തിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന എംഎല്‍എമാരുടെ യോഗത്തിന് ശേഷമാണ് ഭജന്‍ലാല്‍ ശര്‍മയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. ഉപമുഖ്യമന്ത്രിയായ ദിയാകുമാരി ജയ്പുര്‍ നഗരത്തില്‍തന്നെയുള്ള വിധാധര്‍ മണ്ഡലത്തില്‍ നിന്നാണ് എംഎല്‍എ ആയത്. മറ്റൊരു ഉപമുഖ്യമന്ത്രി പ്രേംചന്ദ് ബർവയും ദുദു മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ്.