കൊച്ചി: സംസ്ഥാനത്തെ ജനപ്രിയ മദ്യമായ ജവാനിൽ മാലിന്യം. പതിനൊന്നര ലക്ഷം ലിറ്റർ മദ്യത്തിന്റെ വില്പന മരവിപ്പിച്ചു. വടക്കൻ പറവൂരിലെ ബിവറേജസ് ഔട്ട്ലെറ്റിൽ നിന്ന് വാങ്ങിയ മദ്യത്തിൽ മാലിന്യം ശ്രദ്ധയിൽപ്പെട്ട ഉപഭോക്താവിന്റെ പരാതിയിലാണ് എക്സൈസിന്റെ നടപടി.
ജവാൻ ട്രിപ്പിൾ എക്സ് റം 297, 304, 308, 309, 315, 316, 319, 324 ബാച്ചുകളിലും വരാപ്പുഴയിലെ ഔട്ട്ലെറ്റിലെ ജവാൻ ട്രിപ്പിൾ എക്സ് റം 307, 322, 267, 328, 312, 292, 200,164, 293 ബാച്ചുകളിലും മാലിന്യം കണ്ടെത്തി. എക്സൈസ് എറണാകുളം ഡെപ്യൂട്ടി കമ്മിഷണറുടെ മേൽനോട്ടത്തിലായിരുന്നു വാണിയക്കാട് ഔട്ട്ലെറ്റിലെ പരിശോധന. ബിയറിൽ ഇത്തരം മാലിന്യം കാണാറുണ്ടെങ്കിലും ജവാനിൽ ആദ്യമാണെന്ന് ബിവറേജസ് ജീവനക്കാർ പറയുന്നു.
നിർമ്മാണത്തിലെ പാകപ്പിഴയാണെന്നു കരുതുന്നു. മദ്യക്കുപ്പികളിൽ പാടപോലെ രൂപപ്പെട്ടത് ചൂണ്ടിക്കാട്ടിയ ഔട്ട്ലെറ്റുകളിൽ കുപ്പി മാറ്റി കൊടുത്തു.എക്സൈസ് കമ്മിഷർക്ക് റിപ്പോർട്ട് കൈമാറി. എല്ലാ ഔട്ട്ലെറ്റുകളിലും ജവാൻ പരിശോധിക്കാൻ നിർദ്ദേശമുണ്ട്. സാമ്പിൾ ലാബിൽ പരിശോധിക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും വിറ്റഴിക്കണോ നശിപ്പിക്കണോയെന്ന് തീരുമാനിക്കുക. തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ഫാക്ടറിയിലാണ് ജവാൻ ഉത്പാദനം.