ലണ്ടൻ: വാതുവെപ്പ് നിയമലംഘനത്തിൽ ബ്രസീലിന്റേയും ഇംഗ്ലീഷ് ക്ലബ് വെസ്റ്റ്ഹാം യുണൈറ്റഡിന്റേയും മധ്യനിര താരം ലൂക്കാസ് പക്വറ്റ കുരുക്കിൽ. വാതുവെപ്പുകാർക്ക് അനുകൂലമായി മത്സരത്തിന് കളിച്ചെന്ന ആരോപണത്തിൽ താരത്തെ കുറ്റക്കാരനെന്ന് ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ കണ്ടെത്തി. ഇതോടെ 26 കാരന്റെ ഫുട്ബോൾ കരിയർ അനിശ്ചിതത്വത്തിലായി. അടുത്തമാസം നടക്കാനിരിക്കുന്ന കോപ അമേരിക്ക മത്സരത്തിനുള്ള ബ്രസീൽ ടീമിലെ പ്രധാനിയാണ് പക്വറ്റ.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് 2022-23 സീസണിലെ മൂന്ന് മത്സരങ്ങളിലും 2023-24 സീസണിലെ ആദ്യ മത്സരങ്ങളിലും മഞ്ഞകാർഡ് ലഭിക്കാനായി ബ്രസീൽ താരം ശ്രമങ്ങൾ നടത്തിയെന്നാണ് ഫുട്ബോൾ അസോസിയേഷന്റെ കണ്ടെത്തൽ. ആരോപണങ്ങളിൽ ജൂൺ മൂന്നിന് മുമ്പ് താരം മറുപടി നൽകണം.അതേസമയം, ഇംഗ്ലീണ്ട് ഫുട്ബോൾ അസോസിയേഷൻ നടപടിയെ ഞെട്ടലോടെയാണ് കാണുന്നതെന്ന് പക്വറ്റ സമൂഹ മാധ്യമങ്ങളിൽ പ്രതികരിച്ചു. അന്വേഷണത്തിന്റെ ഒരോ ഘട്ടത്തിലും താൻ സഹകരിച്ചു. വിവരങ്ങളെല്ലാം നൽകി. ആരോപണങ്ങളെല്ലാം താൻ നിഷേധിച്ചതാണ്. തെറ്റുകാരനല്ലെന്ന് തെളിയിക്കാൻ പോരാടുമെന്നും ബ്രസീൽതാരം വ്യക്തമാക്കി.
അന്വേഷണ കാലയളവിലും വെസ്റ്റ് ഹാമിനായി പക്വറ്റ കളത്തിലിറങ്ങിയിരുന്നു. അടുത്തസീസണിൽ മധ്യനിര താരത്തെ ടീമിലെത്തിക്കാൻ മാഞ്ചസ്റ്റർ സിറ്റി ശ്രമം നടത്തുന്നതിനിടെയാണ് ഇത്തരമൊരു നടപടിയെത്തിയത്. നേരത്തെ സമാനമായ കേസിൽ ബ്രെൻഡ്ഫോർഡ് സ്ട്രൈക്കർ ഇവാൻ ടോണിയെ എട്ട് മാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു.