വിശേഷ ദിവസങ്ങൾ അടുക്കുന്നതോടെ ബെംഗളൂരു-തിരുവനന്തപുരം റൂട്ടിലെ ബസ് കൊള്ളയുടെ വാർത്ത ഇടയ്ക്കിടെ വരാറുണ്ട്. എന്നാൽ നിലവിൽ ഈ റൂട്ടിലെ ബസ് ടിക്കറ്റ് നിരക്ക് വിമാന നിരക്കിന് തുല്യമായെന്നാണ് കണക്കുകൾ പറയുന്നത്. വിമാന കമ്പനിയായ വിസ്താര കൂടുതൽ സർവീസ് ആരംഭിച്ചതും യാത്രാ സമയം കുറവാണ് എന്നുള്ളതും വിമാന യാത്രയെ പ്രിയങ്കരമാക്കി. ഇതോടെയാണ് ബസ് യാത്രയുടെ നിരക്ക് കുറയ്ക്കേണ്ടി വന്നത്.
വിഷുവിന് തിരുവനന്തപുരം-ബെംഗളൂരു സർവീസിന് കെഎസ്ആർടിസി നിരക്ക് 2536 ആണെങ്കിൽ വിമാന നിരക്ക് 2776 രൂപ മാത്രമാണ്. ഈദുൽ ഫിത്തറിന് ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള കെഎസ്ആർടിസിക്ക് 2874 രൂപയാണ് നിരക്ക്. എന്നാൽ വിമാനത്തിൽ അതേദിവസം 2828 രൂപയേയുള്ളൂ. സ്വകാര്യ ബസുകളിലെ നിരക്ക് 4000-5000 രൂപക്കടുത്താണ്.
ബെംഗളൂരു- തിരുവനന്തപുരം റൂട്ടിൽ ഇന്നലെ മുതൽ വിസ്താര രണ്ട് പുതിയ സർവീസുകൾ ആരംഭിച്ചിരുന്നു. ഇതോടെ പ്രതിദിന സർവീസ് 10 ആയി ഉയർന്നിട്ടുണ്ട്. ആകെ യാത്ര സമയം 10 മണിക്കൂറോളം കുറയുമെന്നതിനാൽ കൂടുതൽ പേർ വിമാന യാത്രയിലേക്ക് മാറുകയാണ്. വിവിധ കമ്പനികളുടെ മത്സരം തുടങ്ങിയതോടെ വീണ്ടും നിരക്ക് കുറയ്ക്കേണ്ട അവസ്ഥയിലാണ് ബസ് ഉടമകൾ.