ബംഗളൂരു: ബംഗളൂരു ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരി നല്കിയ വിടുതല്‍ ഹര്‍ജി തള്ളി. ബംഗളുരുവിലെ 34–ാം സിറ്റി സെഷന്‍സ് ആന്‍ഡ് സിവില്‍ കോടതിയാണ് ബിനീഷിന്റെ ഹർജി തള്ളിയത്. ഒന്നാം പ്രതി മുഹമ്മദ് അനൂപുമായുള്ള പണം ഇടപാടിലെ സംശയങ്ങള്‍ സൂചിപ്പിച്ചാണ് ജസ്റ്റീസ് എച്ച്.എ. മോഹന്റെ ബെഞ്ചിന്റെ നടപടി.
ഒരുതെളിവുമില്ലാതെ ബിനീഷ് 40 ലക്ഷം രൂപ അനൂപ് മുഹമ്മദിന് നല്കിയ സാഹചര്യത്തിലാണ് കോടതി സംശയം ഉന്നയിച്ചത്.ഇതോടെ കേസില്‍ ബിനീഷ് കോടിയേരി പ്രതിയായി തുടരും. ഒരു രേഖയുമില്ലാതെയാണ് ബിനീഷ് അനൂപ് മുഹമ്മദിന് 40 ലക്ഷം രൂപ നല്‍കിയത്. അയാള്‍ കടക്കെണിയിലാണെന്നറിഞ്ഞിട്ടും അത് തിരിച്ചുപിടിക്കാന്‍ ബിനീഷ് ശ്രമിച്ചില്ല.
ബിനീഷും മുഹമ്മദ് അനൂപും ഒരു വനിതാ സുഹൃത്തിനും മറ്റുരണ്ടുപേര്‍ക്കുമൊപ്പം പാര്‍ട്ടിയില്‍ കൊക്കെയിന്‍ ഉപയോഗിക്കുന്നത് കണ്ടെന്ന് സാക്ഷിമൊഴിയുണ്ടെന്നും ജഡ്ജി പറഞ്ഞു. സമാനമായ രീതിയില്‍ ലഹരി ഉപയോഗിക്കുന്നതായി മറ്റൊരു സാക്ഷി മൊഴിയും ഉണ്ട്. അനൂപിനുമൊപ്പമിരുന്ന ബിനീഷിന് അദ്ദേഹത്തിന്റെ ബിസിനസിനെക്കുറിച്ചും ദുശീലങ്ങളെ ക്കുറിച്ച് അറിയാമായിരുന്നു. എല്ലാം അറിഞ്ഞുകൊണ്ടാണ് മുഹമ്മദ് അനൂപിന് പണം നല്കിയിതെന്നും ഈ തുക ലഹരി ഇടപാടിനായിട്ടാണ് നല്‍കിയതെന്ന് സ്വാഭാവികമായും കോടതി സംശയിക്കുന്നു എന്നതടക്കമുള്ള നീരിക്ഷണങ്ങളാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്.