ബംഗളൂരു: ബംഗളൂരുവിലെ രാമേശ്വരം കഫേ സ്ഫോടനക്കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎക്ക്) കൈമാറി. കേന്ദ്ര ആഭ്യന്തരവകുപ്പാണ് കേസ് കൈമാറിയത്. കഴിഞ്ഞ വെള്ളിയാഴ്ച ഈസ്റ്റ് ബെംഗളൂരുവില്‍ നടന്ന സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു.
സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായതെന്നായിരുന്നു ആദ്യം പുറത്ത് വന്ന വിവരങ്ങള്‍. എന്നാല്‍ പിന്നീട് നടത്തിയ പരിശോധനയിലാണ് തീവ്രത കുറഞ്ഞ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചുള്ള സ്ഫോടനമെന്നാണ് പൊലീസ് സ്ഥിരീകരിച്ചിരുന്നു. സ്ഫോടന സ്ഥലത്ത് നിന്ന് ടൈമറും ഐ.ഇ.ഡിയുടെ ഭാഗങ്ങളും കണ്ടെടുത്തിരുന്നു. സംഭവത്തില്‍ ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയായിരുന്നു. ഇതിനിടെയാണ് അന്വേഷണം എന്‍.ഐ.എക്ക് കൈമാറിയത്.
സ്ഫോടനത്തിന് തൊട്ടുമുമ്പ് കടയില്‍ ബാഗ് വെച്ച് കടന്ന് കളഞ്ഞ പ്രതിയുടെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. പ്രതിക്കൊപ്പം കണ്ട മറ്റൊരു വ്യക്തിയെ ബംഗളൂരു പൊലീസ് ചോദ്യം ചെയ്തിരുന്നു. മുഖ്യപ്രതി മാസ്ക്, കണ്ണട, തൊപ്പി എന്നിവ ധരിച്ചതായി സി.സി.ടി.വി ദൃശ്യങ്ങളില്‍ കാണാം. സംഭവത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (പ്രിവന്‍ഷന്‍) ആക്ട്, സ്ഫോടക വസ്തു നിയമം എന്നീ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തിരുന്നു. അപകടത്തില്‍ പരിക്ക് പറ്റിയവര്‍ ഇപ്പോഴും ചികിത്സയിലാണ്.