മലയാള സിനിമ മേഖലയിൽ നിന്ന് ദുരനുഭവമുണ്ടായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ബംഗാളി നടി ശ്രീലേഖ മിത്ര. ഒരു സംവിധായകനിൽ നിന്നാണ് മോശം അനുഭവം നേരിടേണ്ടി വന്നതെന്ന് നടി ഒരു മാദ്ധ്യമത്തോട് പറഞ്ഞു.വർഷങ്ങൾക്ക് മുമ്പായിരുന്നു സംഭവം. കൊച്ചിയിൽ ഷൂട്ടിംഗ് നടക്കുന്ന മമ്മൂട്ടിയുടെ സിനിമയിലേക്ക് ഒരു വിളി വന്നു. തന്റെ ജീവിതത്തിൽ ഏറെ പ്രതിസന്ധി നേരിട്ടിരുന്ന സമയമായിരുന്നു അതെന്ന് നടി പറയുന്നു. ഫോട്ടോഷൂട്ട് നടന്നു. പ്രതിഫലം അടക്കമുള്ള കാര്യങ്ങളെക്കുറിച്ചും ചർച്ച നടന്നു.
‘എന്നെ സംബന്ധിച്ച് ഒരു മമ്മൂട്ടി ചിത്രത്തിൽ അഭിനയിക്കുകയെന്നത് വലിയ കാര്യമായിരുന്നു. കൊച്ചിയിലെത്തി. ഫോട്ടോഷൂട്ടിനൊക്കെ ശേഷം നിർമാതാവ് അടക്കമുള്ളവർ എത്തുന്നുണ്ടെന്നും പരിചയപ്പെടണമെന്നും പറഞ്ഞ് വിളി വന്നു. സംവിധായകനെ കണ്ടു. ആദ്യമായിട്ടാണ് ഞാൻ അയാളെ കാണുന്നത്. ഡ്രോയിംഗ് റൂമിലാണ് എത്തിയത്. അവിടെ മുഴുവൻ അപരിചിതരായിരുന്നു. എന്നോട് സംസാരിക്കണമെന്ന് പറഞ്ഞ് സംവിധായകൻ മുന്നോട്ടുനടന്നു. ഞാൻ അയാളെ പിന്തുടർന്നു. ഇരുണ്ട ബെഡ്റൂമിന്റെ ബാൽക്കണിയിലേക്കാണ് അദ്ദേഹം പോയത്. അവിടെയെത്തിയപ്പോൾ സംവിധായകൻ എന്റെ വളകളിൽ തൊടാൻ തുടങ്ങി.
എന്റെ വളകൾ കണ്ട കൗതുകം കൊണ്ടാകാമെന്നാണ് ആദ്യം ഞാൻ കരുതിയത്. ഞാൻ എന്നോട് തന്നെ ശാന്തമായിരിക്കാൻ പറഞ്ഞു. ഇതെവിടെ വരെ പോകുമെന്ന് അറിയണമല്ലോ. എന്നാൽ ഞാൻ പ്രതികരിക്കാതിരുന്നതോടെ അയാൾ എന്റെ മുടിയിഴകളിൽ തലോടാൻ തുടങ്ങി. എന്റെ കഴുത്തുവരെ സ്പർശനമെത്തി. ഇതോടെ ഞാൻ ആ മുറിയിൽ നിന്നിറങ്ങി. പെട്ടെന്ന് ഹോട്ടലിലേക്ക് പോയി. ആ രാത്രി നേരിട്ട അനുഭവം ഞാൻ ഒരിക്കലും മറക്കില്ല. അന്ന് രാത്രി കിടന്നുറങ്ങുമ്പോൾ ആ മുറിയുടെ മാസ്റ്റർ കീ ആരെങ്കിലും കൈവശപ്പെടുത്തിയോ അല്ലെങ്കിൽ ആരെങ്കിലും വാതിൽ മുട്ടുമോയെന്നൊക്കെ പേടിച്ചു. എന്നെ സിനിമയിലേക്ക് വിളിച്ചയാളെ തിരിച്ചുവിളിച്ച്, റിട്ടേൺ ടിക്കറ്റ് വേണമെന്ന് അറിയിച്ചു. അവർ പണം തരാൻ തയ്യാറായില്ല. ഒടുവിൽ സ്വന്തം ചെലവിൽ മടങ്ങേണ്ടി വന്നു.’- നടി പറഞ്ഞു.