കൊൽക്കത്ത: പശ്ചിമ ബംഗാളില്‍ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ സംഘർഷവും ബൂത്ത് പിടിക്കലും നടന്ന ഇടങ്ങളിൽ തിങ്കളാഴ്ച റീപോളിംഗ്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.ചൊവ്വാഴ്ചയാണ് വോട്ടെണ്ണല്‍.
റീപോളിംഗ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. വ്യാപക അതിക്രമവും വോട്ടിൽ കൃത്രിമവും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് യോഗം ചേര്‍ന്നിരുന്നു. മൂര്‍ഷിദാബാദില്‍ 175 ബൂത്തുകളിൽ റീപോളിംഗ് നടത്തും. മാല്‍ഡയില്‍ 112 ബൂത്തുകളിലും നാദിയയിയില്‍ 89 ബൂത്തുകളിലും റീപോളിംഗ് നടത്തും. നോര്‍ത്ത് പര്‍ഗാനയില്‍ 46 ബൂത്തുകളിലും സൗത്ത് പര്‍ഗാനയില്‍ 36 ബൂത്തുകളിലുമാണ് റീ പോളിംഗ്. നാലോളം ജില്ലകളിലെ റീപോളിങ്ങിൽ തീരുമാനമായിട്ടില്ല. ഒരു ബൂത്തിൽ നാല് കേന്ദ്രസേനാംഗങ്ങളെ വിന്യസിക്കും.
ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനുശേഷവും അക്രമസംഭവങ്ങൾക്ക് അറുതിയില്ല. ഞായറാഴ്ചയും പല ജില്ലയിലും ആക്രമണങ്ങളുണ്ടായി. മൂർഷിദാബാദ്, നാദിയ, കൂച്ച് ബിഹാർ, ജാൽപായ്ഗുരി, ഉത്തര- ദക്ഷിണ 24 പർഗാനാസ്, പശ്ചിമ ബർദ്വമാൻ, ബിർഭും എന്നീ ജില്ലകളിൽ ആക്രമണ സംഭവങ്ങൾ റിപ്പോർട്ടു ചെയ്തു. വോട്ടെടുപ്പ് നടന്ന ശനിയാഴ്ചമാത്രം 17 പേരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. ഞായറാഴ്ച ഒരു തൃണമൂലുകാരനും ബിജെപിക്കാരനും കൊല്ലപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതൽ ഒരുമാസത്തിനിടെ കൊല്ലപ്പെട്ടവരുടെ ആകെ എണ്ണം 40 ആയി.