കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഭരണഘടനാ പ്രതിസന്ധിയെന്ന് ഗവര്‍ണര്‍ സിവി ആനന്ദബോസ്. നിയമവിദഗ്ധരുമായി ആലോചിച്ച് അടുത്ത നടപടികള്‍ സ്വീകരിക്കും. സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നുവെന്നും ആനന്ദബോസ് പറഞ്ഞു.
‘വിനാശകാലേ വിപരീത ബുദ്ധി എന്ന പറഞ്ഞ നിലയിലാണോ ബംഗാള്‍ സര്‍ക്കാര്‍ നീങ്ങുന്നതെന്ന് സംശിയിക്കേണ്ടിയിരിക്കുന്നു. ഭരണാഘടനാപരമായ പ്രതിസന്ധി സര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുകയാണ്. ഇത് പറയുന്നത് മാധ്യമങ്ങള്‍ മാത്രമല്ല. കല്‍ക്കത്ത ഹൈക്കോടതിയിലെ ജഡ്ജി തന്നെ ഇക്കാര്യം പറഞ്ഞതായി ശ്രദ്ധയില്‍പ്പെട്ടു. ഇവിടെ നടക്കുന്നതെന്തെന്ന് ജനങ്ങളും ജ്യൂഡിഷ്യറിയും ശ്രദ്ധിക്കുന്നു എന്നതാണ് ഇത് വ്യക്തമാക്കുന്നത്. ഭരണഘടനപ്രതിസന്ധിയുണ്ടായാല്‍ ഗവര്‍ണര്‍ എന്ന നിലയില്‍ ഇടപെടും. ശക്തമായ തീരുമാനമെടുക്കുമെന്ന് ആനന്ദബോസ് പറഞ്ഞു.
ഒരുപരിഷ്കൃത സര്‍ക്കാരിന്റെ കര്‍ത്തവ്യം ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയെന്നതാണ്. ആ കൃത്യനിര്‍വഹണത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നുവെന്നാണ് നിഗമനം. മേല്‍ നടപടിയെന്ത് നിയമവിദഗ്ധരുമായി ആലോചിച്ച് ഭരണഘടനയ്ക്ക് അനുസൃതമായി ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു’- ആനന്ദബോസ് പറഞ്ഞു.
കഴിഞ്ഞ ദിവസം ബംഗാളില്‍ പരിശോധനയ്ക്ക് എത്തിയ ഇഡി ഉദ്യോഗസ്ഥരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞ് ഓടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗവര്‍ണറുടെ പ്രതികരണം. ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസ് അധീര്‍ രഞ്ജന്‍ ചൗധരി ആവശ്യപ്പെട്ടിരുന്നു.