കല്‍പ്പറ്റ : വയനാട്ടില്‍ ഇറങ്ങിയ കൊലയാളി ആന ബേലൂര്‍ മഖ്നയ്ക്കൊപ്പം മറ്റൊരു മോഴയാന കൂടി. ആനകളുടെ ആകാശ ദൃശ്യങ്ങള്‍ വനം വകുപ്പ് പുറത്തുവിട്ടു. അതേസമയം കാട്ടാനയെ മയക്കുവെടിവച്ചു പിടികൂടാനുള്ള മൂന്നാം ദിവസത്തെ ദൗത്യം അവസാനിച്ചു. രാവിലെ കാട്ടിക്കുളം ഇരുമ്പുപാലത്തിന് അടുത്തെത്തിയ ആനയെ മയക്കുവെടി വയ്ക്കാനായി ദൗത്യസംഘം കാട്ടില്‍ പ്രവേശിച്ചിരുന്നു. എന്നാല്‍ ആനയെ വെടിവയ്ക്കാനായില്ല. തിരിച്ചിറങ്ങിയ ദൗത്യസംഘത്തെ നാട്ടുകാര്‍ തടയുകയും ചെയ്തു
അടിക്കാട് നിറഞ്ഞ സ്ഥലത്തായിരുന്നു ആന നിലയുറപ്പിച്ചത്. മനുഷ്യ സാന്നിധ്യം തിരിച്ചറിയുന്നതോടെ ആന അടിക്കാടിനുള്ളിലേക്കു കയറുന്നതു ദൗത്യസംഘത്തിന് വെല്ലുവിളിയായി. മറ്റു ജില്ലകളില്‍ നിന്നുള്‍പ്പെടെയുള്ള 200 പേരടങ്ങുന്നതാണ് ദൗത്യസംഘം. നാല് കുങ്കിയാനകളും ഉണ്ട്.
ശനിയാഴ്ച അജീഷിനെ ആന ചവിട്ടിക്കൊന്ന പടമലയില്‍ ഇന്ന് പുലര്‍ച്ചെയും ആനയെത്തിയിരുന്നു. അഞ്ചരയോടെ എത്തിയ ആന കപ്പയും വാഴയും ഉള്‍പ്പെടെയുള്ള കൃഷി നശിപ്പിച്ചു. കര്‍ണാടക വനംവകുപ്പ് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ചു വിട്ട കാട്ടാന അജീഷിനെ വീട്ടുമുറ്റത്തിട്ട് ചവിട്ടിക്കൊന്നിരുന്നു. ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് ആനയെ മയക്കുവെടി വച്ച് പിടികൂടാന്‍ തീരുമാനിച്ചു.
ഞായറാഴ്ച രാവിലെ തുടങ്ങിയ ദൗത്യം മൂന്നാം ദിവസമായിട്ടും വിജയിപ്പിക്കാനായില്ല. മറ്റ് ആനകളില്‍ നിന്ന് വ്യത്യസ്തനായ മോഴയാനയായതാണ് ദൗത്യം സങ്കീര്‍ണമാക്കുന്നത്. മയക്കുവെടി വച്ചാല്‍ തിരിച്ച് ആക്രമിക്കാനുള്ള സാധ്യത കൂടുതലാണ്. മയങ്ങാനെടുക്കുന്ന അര മണിക്കൂറോളം സമയം ആന ഓടാനും സാധ്യതയുണ്ട്. ഇങ്ങനെ ഓടിയാല്‍ ആന ആക്രമിക്കാന്‍ സാധ്യത കൂടുതലാണ്. ഇപ്പോള്‍ ആന നില്ക്കുന്ന സ്ഥലത്തിനു സമീപത്തായി നിരവധി വീടുകളുള്ളതും ദൗത്യം ദുഷ്കരമാക്കുന്നു.